ഷാറൂഖ് ഖാനെ പോലെ മകൻ ആര്യനും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും താരപുത്രന് കൈനിറയെ ആരാധകരുണ്ട്. ഇപ്പോഴിതാ സംവിധായകന്റെ കുപ്പായം അണിയുകയാണ് ആര്യൻ ഖാൻ. പരസ്യ ചിത്രത്തിലൂടെയാണ് താരപുത്രന്റെ അരങ്ങേറ്റം.
ആര്യന്റെ ആദ്യ പരസ്യചിത്രത്തിൽ കാമറക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് സക്ഷാൽ ഷാറൂഖ്ഖാനാണ്. താരം തന്നെയാണ് മകന്റെ പുതിയ ചുവട് വെയ്പ്പിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച പരസ്യചിത്രം റിലീസ് ചെയ്യും.
സംവിധാനത്തിനോടുള്ള ആര്യന്റെ താൽപര്യത്തെ കുറിച്ച് എസ്.ആർ.കെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അഭിനയത്തിനെക്കാളും സംവിധാനത്തിലാണ് താൽപര്യമെന്നാണ് ഷാറൂഖ് അന്ന് പറഞ്ഞത്. മകൾ സുഹാന ‘ദി ആർച്ചീസ്’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്ക് ചുവടുവെക്കുന്നത്. ഷാറൂഖ് ഖാന്റെ മടങ്ങി വരവ് ആരാധകർ ആഘോഷമാക്കുമ്പോഴാണ് ആര്യന്റെ സിനമാ പ്രവേശനം.
2023 ജനുവരി 25 ന് റിലീസ് ചെയ്ത ഷാറൂഖാന്റെ പത്താൻ ഇപ്പോഴും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാവിഷയമാണ്. ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാനാണ് ഇനി പുറത്തിറങ്ങാനുള്ള എസ്. ആർ.കെ ചിത്രം. നയൻതാരയാണ് നായിക. ജൂണിലാണ് ചിത്രം എത്തുക. ഷാറൂഖിന്റേതായി നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.