ആറ്റുകാല്‍ പൊങ്കാല: കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കും: കളക്ടര്‍

news image
Feb 24, 2021, 6:42 pm IST

തിരുവനന്തപുരം:ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങളോട് ഭക്തജനങ്ങള്‍ സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. ക്ഷേത്രത്തിലും പരിസരത്തും ഏര്‍പ്പെടുത്തിയിരിക്കുന്ന കോവിഡ് സുരക്ഷാ ക്രമീകരണങ്ങള്‍ കളക്ടര്‍ നേരിട്ടു വിലയിരുത്തി.

 

ഈ മാസം 27നാണ് ആറ്റുകാല്‍ പൊങ്കാല. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിരത്തുവക്കിലും മറ്റു പൊതുസ്ഥലങ്ങളിലും പൊങ്കാലയിടുന്നത് പൂര്‍ണമായി ഒഴിവാക്കണമെന്നു കളക്ടര്‍ അഭ്യര്‍ഥിച്ചു. ഇക്കാര്യം ക്ഷേത്ര ഭരണസമതിയും ഉറപ്പാക്കണമെന്നു കളക്ടര്‍ നിര്‍ദേശിച്ചു. ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ മാത്രമാകും ക്ഷേത്രവളപ്പിലെ പൊങ്കാല. ഈ ചടങ്ങില്‍ കഴിയുന്നത്രയും കുറച്ച് ആളുകള്‍ മാത്രം പങ്കെടുക്കുകയും സാമൂഹിക അകലമടക്കമുള്ള കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുകയും വേണം. വീടുകളില്‍ പൊങ്കാലയിടുന്നവരും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വീടുകളില്‍ പൊങ്കാലയിട്ട ശേഷം ആളുകള്‍ കൂട്ടമായി ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നത് ഒഴിവാക്കണമെന്നും കളക്ടര്‍ പറഞ്ഞു.

 


ക്ഷേത്രത്തില്‍ ദിവസേനയുള്ള ദര്‍ശനത്തിനും മറ്റു ചടങ്ങുകള്‍ക്കും എത്തുന്ന ഭക്തജനങ്ങള്‍ കൂട്ടംകൂടാതെ ശ്രദ്ധിക്കണമെന്നു ക്ഷേത്ര ഭരണ സമിതിക്കു കളക്ടര്‍ നിര്‍ദേശം നല്‍കി. ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ ശരീര ഊഷ്മാവ് പരിശോധിക്കുന്നതും സാനിറ്റൈസര്‍ നല്‍കുന്നതും ഉത്സവം അവസാനിക്കുന്ന ദിവസം വരെ തുടരണം. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ ക്ഷേത്ര പരിസരത്ത് കൂട്ടംകൂടാന്‍ പാടില്ല. പത്തു വയസിനു താഴെയുള്ള കുട്ടികളെ കൊണ്ടുവരുന്നത് കഴിയുന്നതും ഒഴിവാക്കണമെന്നും കളക്ടര്‍ പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി ക്ഷേത്രപരിസരത്ത് ആറു സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ നിയോഗിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനായി പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ടെന്നു കളക്ടര്‍ അറിയിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe