ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് ഏഴിന്, വിപുലമായ ഒരുക്കങ്ങള്‍

news image
Jan 16, 2023, 3:08 pm GMT+0000 payyolionline.in

തിരുവനന്തപുരം: ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ തീരുമാനം.  കൂടുതല്‍ ഭക്തജനങ്ങള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ പഴുതടച്ച സംവിധാനങ്ങളൊരുക്കാനും മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി.

വിവിധ സംഘടനകളും മറ്റും ഭക്തജനങ്ങള്‍ക്കുള്ള ഭക്ഷണവിതരണം നടത്തുന്നത് ഇത്തവണ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കര്‍ശന മേല്‍നോട്ടത്തില്‍ ആയിരിക്കും. വൃത്തിഹീനമായ സാഹചര്യത്തിലും കൃത്രിമ നിറങ്ങള്‍ ഉപയോഗിച്ചും ഭക്ഷണപാനീയങ്ങള്‍ വിതരണം ചെയ്യാന്‍ ഒരുകാരണവശാലും അനുവദിക്കില്ല. ക്ഷേത്ര പരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ഹോട്ടലുകള്‍, താല്‍ക്കാലിക വിപണന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നല്‍കുന്ന കുടിവെള്ളം, ആഹാരസാധനങ്ങള്‍ എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച് ഗുണനിലവാരം ഉറപ്പുവരുത്തും.

പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. ക്ഷേത്ര പരിസരത്ത് ലഹരി ഉപയോഗവും വില്‍പനയും തടയാന്‍ കര്‍ശനമായ പരിശോധന നടത്തും. ‘ആറ്റുകാല്‍ ഉത്സവ കമ്മിറ്റി’ എന്ന പേര് പുറത്തുള്ളവര്‍ അനധികൃതമായി ഉപയോഗിക്കുന്നത് തടയും. കമാനങ്ങളും ശബ്ദ സംവിധാനങ്ങളും പൊലീസിന്റെ അനുമതിയോടെ കൂടി മാത്രമേ സ്ഥാപിക്കാവൂ. അനുമതി ഇല്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് എട്ടുവരെയാണ് പൊങ്കാല മഹോത്സവം നടക്കുന്നത്. മാര്‍ച്ച് ഏഴിനാണ് പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല.

പൊങ്കാല ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് നോഡല്‍ ഓഫീസറായി സബ് കലക്ടര്‍ അശ്വതി ശ്രീനിവാസിനെ നിയമിച്ചു. അന്നദാനവും കുടിവെള്ള വിതരണവും നടത്തുന്ന സന്നദ്ധ സംഘടനകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഹരിതചട്ടപാലനം കര്‍ശനമായി ഉറപ്പാക്കും. ഉത്സവം പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനായി ഭക്തജനങ്ങളും സന്നദ്ധ സംഘടനകളും സ്റ്റീല്‍ പാത്രങ്ങളും കപ്പുകളും ഉപയോഗിക്കുന്നതിന് ബോധവല്‍ക്കരണം നടത്തും. പൊങ്കാലക്കെത്തുന്നവരുടെ സുരക്ഷക്കായി കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ക്ഷേത്രത്തിലും പരിസരത്തും 24 മണിക്കൂറും നിരീക്ഷണവുമുണ്ടാകും.

ഉത്സവദിവസങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വീസ് നടത്തും. എല്ലാ പ്രധാന ഡിപ്പോകളില്‍ നിന്നും പ്രത്യേക സര്‍വീസുകളും നടത്തും. മുന്നൂറിലധികം ബസുകളുണ്ടാകും. ആറ്റുകാല്‍ വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. ഉണ്ണികൃഷ്ണന്‍, കലക്ടര്‍ ജെറോമിക് ജോര്‍ജ്, എ.ഡി.എം അനില്‍ ജോസ് ജെ, സബ് കലക്ടര്‍ അശ്വതി ശ്രീനിവാസ്, ആറ്റുകാല്‍ ക്ഷേത്ര സമിതി സെക്രട്ടറി കെ.ശിശുപാലന്‍ നായര്‍, പ്രസിഡന്റ് അനില്‍കുമാര്‍, ചെയര്‍പേഴ്‌സണ്‍ ഗീതാകുമാരി, ഉത്സവകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജി.ജയലക്ഷ്മി എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe