ആലുവയിലെ മൂന്ന് പേരെ തട്ടികൊണ്ടുപോയ സംഭവത്തിൽ അടിമുടി ദൂരൂഹത; വാഹനം വാടകക്ക് എടുത്ത് നൽകിയ എ.എസ്.ഐയെ ചോദ്യം ചെയ്യുന്നു

news image
Mar 18, 2024, 1:12 pm GMT+0000 payyolionline.in

ആലുവ: ആലുവയിൽ മൂന്ന് പേരെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അടിമുടി ദുരൂഹത. ഇതിനിടെ സംഭവത്തെ കുറിച്ച് നിർണായക സൂചനകള്‍ പൊലീസിന് ലഭിച്ചു. നിയമ വിരുദ്ധ സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കമാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. തട്ടികൊണ്ടുപോകുന്നതിനിടെ പ്രതികള്‍ ഗൂഗിള്‍ പേ വഴി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായുളള വിവരം പൊലീസിന് ലഭിച്ചു. ഇതേ​ാടൊപ്പം മൊബൈല്‍ ഫോണുകളും സി.സി.ടി.വികളും പരിശോധിച്ചാണിപ്പോൾ അന്വേഷണം നടക്കുന്നത്.

കഴിഞ്ഞ ദിവസം രാവിലെ ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവച്ചാണ് മൂന്നു പേരെ തട്ടിക്കൊണ്ടുപോയത്. ദൃക്സാക്ഷി നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരാളെ തട്ടികൊണ്ടുപോയ സംഭവത്തിലാണ് പൊലീസ് കേസെടുത്തിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്നു പേരെ ഒന്നിച്ചാണ് കാറില്‍ കയറ്റിക്കൊണ്ട് പോയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പ്രതികളെക്കുറിച്ചും തട്ടിക്കൊണ്ട് പോയ മൂന്ന് പേരെക്കുറിച്ചും പൊലീസിന് കൃത്യമായ വിവരം ലഭിച്ചിരിക്കയാണ്.

ഇതിനിടെ, പ്രതികള്‍ തിരുവനന്തപുരത്ത് ഉപേക്ഷിച്ച ഇന്നോവ കാര്‍ ആലുവ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഈ വാഹനം വാടകക്ക് എടുത്ത പത്തനംതിട്ട എ.ആർ. കാമ്പിലെ എ.എസ്.ഐ സുരേഷ് ബാബുവാണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഇതി​െൻറ അടിസ്ഥാനത്തിൽ പൊലീസ് എ.എസ്.ഐയെ ചോദ്യം ചെയ്തുവരികയാണ്. വിദേശത്ത് നിന്നും വന്ന സുഹൃത്തിന് ഉപയോഗിക്കാനാണ് കാര്‍ വാടകക്കെടുത്ത് നല്‍കിയതെന്നാണ് എ.എസ്.​െഎ നല്‍കിയിട്ടുള്ള മൊഴി. ഈ കാര്‍ എങ്ങനെ പ്രതികള്‍ക്ക് കിട്ടിയെന്നറിയില്ലെന്നുമാണ് എ.എസ്.ഐയുടെ വിശദീകരണം. ഈ മൊഴി പൂർണമായി വിശ്വാസത്തിലെടുക്കാൻ ​അന്വേഷണ സംഘം ഒരുക്കമല്ലെന്നാണ് അറിയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe