കൊച്ചി: ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ് നിലവില്‍ വന്നെന്ന് ഹൈകോടതിയെ അറിയിച്ച് സര്‍ക്കാര്‍. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിനെ(എസ്.ഐ.എസ്.എഫ്) വിന്യസിക്കുന്ന കാര്യം പരിഗണനയിലാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ആദ്യഘട്ടത്തില്‍ മെഡിക്കല്‍ കോളജുകളില്‍ എസ്.ഐ.എസ്.എഫിനെ നിയോഗിക്കും. സ്വകാര്യ ആശുപത്രികളില്‍ ഇത്തരത്തില്‍ സുരക്ഷ ഏര്‍പ്പെടുത്തിയാല്‍ ഇതിന്റെ ചിലവ് അവര്‍ വഹിക്കേണ്ടി വരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഡോ.വന്ദനാ കൊലപാതകക്കേസ് പരിഗണിക്കുകയായിരുന്നു കോടതി. പ്രതികളെ ആശുപത്രിയിലെത്തിക്കുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോക്കോളിന്റെ ഡ്രാഫ്റ്റ് സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി.
പ്രതിക്കുള്ള അവകാശങ്ങള്‍ പോലെ തന്നെ പ്രധാനപ്പെട്ടതാണ് മജിസ്ട്രേറ്റിന്റെയും ഡോക്ടര്‍മാരുടെയും മറ്റും സുരക്ഷയെന്ന് കോടതി നിരീക്ഷിച്ചു. ഇതുകൂടി പരിഗണിച്ച് വേണം പ്രോട്ടോക്കാള്‍ തയ്യാറാക്കാനെന്നും കോടതി നിര്‍ദേശം നല്കി. സ്വകാര്യ ആശുപത്രികള്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്കും എസ്.ഐ.എസ്.എഫിെൻറ സുരക്ഷ നല്‍കണമെന്ന് കോടതി പറഞ്ഞു. ഇതിന്റെ ചിലവ് സര്‍ക്കാരിന് ഈടാക്കാമെന്നും കോടതി വ്യക്തമാക്കി.