‘ആ കുട്ടി ഒന്നെന്നെ വിളിച്ചിരുന്നെങ്കില്‍, അവനിട്ട് രണ്ടെണ്ണം പൊട്ടിച്ച് ഞാൻ വിളിച്ചോണ്ട് വന്നേനെ’; വൈകാരികമായി പ്രതികരിച്ച് സുരേഷ് ഗോപി

news image
Jun 24, 2021, 10:53 am IST

തിരുവനന്തപുരം : സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ മരിച്ച വിസ്മയയെക്കുറിച്ചോർത്ത് വികാരാധീനനായി നടനും എം.പിയുമായി സുരേഷ് ഗോപി. സ്വകാര്യ ചാനലിൽ നടന്ന ചർച്ചയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. വിസ്മയയുടെ സഹോദരൻ വിജിത്തിനെ വിളിച്ച് സംസാരിച്ച വിവരം പങ്കുവെക്കുകയായിരുന്നു അദ്ദേഹം.

 

 

‘ഞാൻ വിജിത്തിനെ വിളിക്കുമ്പോൾ ബോഡി പോസ്റ്റ് മോർട്ടത്തിന് കൊണ്ടുപോയിരിക്കുകയായിരുന്നു. വിജിത്തിനോട് ചോദിച്ചു പോയി. എത്രയോ പേർ എന്റെ നമ്പർ തപ്പിയെടുത്ത് വിളിക്കുന്നു. ഈ തീരുമാനം എടുക്കുന്നതിന് മുൻപ് എന്റെ ഒന്നു വിളിച്ച്, ആ കുട്ടി പറഞ്ഞിരുന്നെങ്കിൽ . കാറെടുത്ത് ആ വീട്ടിൽ പോയി അവന്റെ കുത്തിന് പിടിച്ചിറക്കി അവനിട്ട് രണ്ട് പൊട്ടിച്ച് ഞാൻ വിളിച്ചോണ്ട് വന്നേനെ. അതിന് ശേഷം വരുന്നതൊക്കെ ഞാൻ നോക്കിയേനേ..’ , സുരേഷ് ഗോപി പറഞ്ഞു.

 

 

സ്ത്രീധന പീഡന പരാതിയില്‍ പൊലീസ് സ്റ്റേഷനില്‍ പോലും സ്ത്രീകള്‍ പുരുഷാധിപത്യം നേരിടേണ്ടി വരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. സ്ത്രീധന പീഡനത്തിന് പ്രതിവിധിയുണ്ടാക്കുന്ന ശക്തമായ ഒരു നിയമം ഉണ്ടാകണം. ഇനി ഇത്തരം സംഭവങ്ങൾ സംസ്ഥാനത്ത് ആവർത്തിക്കാതെ ഇരിക്കാൻ ഓരോ പഞ്ചായത്തിലും സംസ്കാരിക സംഘങ്ങളുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

ജയറാമിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന കസ്റ്റന്‍റുകളെയും അദ്ദേഹം വിമർശിച്ചു. ‘ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലക്കാണ് ജയറാം പ്രതികരിച്ചത്. ജയറാമിന് അവകാശമില്ലേ. അദ്ദേഹം ഒരു പരസ്യം ചെയ്തതിന്റെ പേരില്‍ വിമര്‍ശിക്കണോ.. കഞ്ചാവിന്റെ പരസ്യത്തില്‍ അല്ല അദ്ദേഹം അഭിനയിച്ചത്.’ സ്ത്രീധനം വാങ്ങണം എന്നതിനെക്കാൾ ഉപരിയായി സ്ത്രീധനം കൊടുക്കണം എന്ന വാശിയെയും സുരേഷ് ഗോപി രൂക്ഷമായി വിമർശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe