തൊടുപുഴ: ഇടുക്കി ജില്ലയിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തൊടുപുഴ താലൂക്കിലെ കരിമണ്ണൂർ പഞ്ചായത്ത് 13ാം വാർഡിൽ ചാലാശ്ശേരിയിലാണ് രോഗം റിപ്പോർട്ട് ചെയ്തത്.
ഇവിടത്തെ ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം രോഗബാധിത മേഖലയായി പ്രഖ്യാപിച്ചു. ഈ പ്രദേശത്തെ പന്നികളെ മുഴുവന്‍റ ഉടൻ ദയാവധത്തിന് വിധേയമാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. കർഷകർക്ക് നഷ്ടപരിഹാരവും നൽകും.
10 കി.മീറ്റർ ചുറ്റളവിലുള്ള പ്രദേശം നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. രോഗബാധിത മേഖലയിൽ പന്നിമാംസ കച്ചവടം, കശാപ്പ്, വിൽപന എന്നിവ നിരോധിച്ചു. ഈ മേഖലക്കുള്ളിലുള്ള പന്നികളെ അവിടെതന്നെ നിലനിർത്താനാണ് നിർദേശം. ഇവിടെ പന്നികളെ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും ശിക്ഷാർഹമാണ്.
ഈ രോഗം മനുഷ്യരിലേക്ക് പകരില്ല. രോഗം ബാധിച്ച ഇടങ്ങളിൽ സന്ദർശകരെ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.