നെടുങ്കണ്ടം∙ അഞ്ചും ഏഴും വയസ്സുള്ള പെൺകുട്ടികളെ ആക്രമിച്ചു പരുക്കേൽപിച്ച സംഭവത്തിൽ കുട്ടികളുടെ പിതാവിനെയും ബന്ധുവായ യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ശരീരത്തിൽ മുറിവുകളുണ്ടാക്കിയതിനു 308–ാം വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്ത പ്രതികളെ നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുട്ടികളെ വൈദ്യപരിശോധന നടത്തിയ ശേഷം ശിശുസംരക്ഷണ സമിതി ഷെൽറ്റർ ഹോമിലേക്കു മാറ്റി. കുട്ടികളുടെ പിതാവിന്റെ സഹോദരീ ഭർത്താവാണു യുവാവ്.
ഏഴു വയസ്സുകാരിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ശിശുസംരക്ഷണ സമിതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടം കോളനി മെഡിക്കൽ ഓഫിസർ ഡോ. വി.കെ.പ്രശാന്തിന്റെ റിപ്പോർട്ട് പ്രകാരമാണ് കുട്ടികൾക്കെതിരെയുണ്ടായ അതിക്രമത്തിന് നെടുങ്കണ്ടം പൊലീസ് വധശ്രമത്തിനു കേസെടുത്തത്.
മരണകാരണമായേക്കാവുന്ന ക്ഷതങ്ങൾ കുട്ടികളുടെ ശരീരത്തിലുണ്ട്. രക്ഷിതാവ് കുട്ടികളെ കഴുത്തിൽ പിടിച്ച് മേൽപോട്ട് ഉയർത്തിയ ശേഷം നിലത്തേക്ക് എറിഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. ബന്ധു കുട്ടികളെ ഉപ്പുകല്ലിൽ മുട്ടുകുത്തി നിർത്തി, കയർ, പൈപ്പ് എന്നിവ ഉപയോഗിച്ച് അതിക്രമം നടത്തിയെന്നും പറയുന്നു.
കുട്ടികൾക്കു ഭക്ഷണം നൽകാതെ വന്നതിനാൽ ആരോഗ്യവും കുറവാണ്. കുട്ടികളുടെ, മാനസികവെല്ലുവിളി നേരിടുന്ന അമ്മയ്ക്കെതിരെയും സമാനരീതിയിൽ പ്രതികളുടെ ഭാഗത്ത് നിന്ന് അതിക്രമം ഉണ്ടായെന്ന പരാതിയും ഉയർന്നിട്ടുണ്ട്. രാത്രി കുട്ടികളുടെ കരച്ചിൽ കേട്ട് നാട്ടുകാർക്കു സംശയം തോന്നി ആശാ പ്രവർത്തകരെ വിവരം അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.