ദില്ലി: തമിഴ്നാട്ടിൽ ഇതര സംസ്ഥാന തൊഴിലാളികൾ ആക്രമിക്കപ്പെടുന്നുവെന്ന വ്യാജ റിപ്പോർട്ട് നൽകിയ കേസിൽ യൂട്യൂബർ മനീഷ് കശ്യപിനെതിരായ കേസുകൾ ഒന്നിച്ചാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ബീഹാർ, തമിഴ്നാട് എന്നിവിടങ്ങളിൽ എടുത്ത കേസുകൾ ഒന്നിച്ചാക്കണമെന്ന ആവശ്യമാണ് തള്ളിയത്. തമിഴ്നാട് പോലെ സുസ്ഥിരമായ സംസ്ഥാനത്ത് അസ്വസ്ഥത സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഇത്തരം ശ്രമങ്ങൾക്ക് ചെവി കൊടുക്കാനാകില്ലെന്നും കോടതി പറഞ്ഞു.
തമിഴ്‌നാട്ടിൽ അതിഥി തൊഴിലാളികൾ ആക്രമിക്കപ്പെട്ടുവെന്ന വ്യാജ വീഡിയോ നിർമ്മിച്ച യൂട്യൂബർ കശ്യപിനെ അറസ്റ്റ് ചെയ്തു. ബീഹാറിൽ നിന്നാണ് ഇയാൾ അറസ്റ്റിലാവുന്നത്. തമിഴ്നാട്ടിൽ ജോലി ചെയ്യാൻ കഴിയുന്നില്ലെന്നും മർദ്ദനമേൽക്കുകയാണെന്നും പറഞ്ഞുള്ള അതിഥി തൊഴിലാളികളുടെ വീഡിയോ ആഴ്ച്ചകൾക്കു മുമ്പ് പ്രചരിച്ചിരുന്നു.
വ്യാജ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് കശ്യപിനും മറ്റുള്ളവർക്കുമെതിരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു അന്വേഷണത്തിനായി സ്പെഷ്യൽ സംഘത്തെ രൂപീകരിച്ച് യുവരാജ് സിങ് രജ്പുത്, മനീഷ് കശ്യപ് എന്നിവർക്കെതിരെ മാർച്ച് 15ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.അന്വേഷണത്തിൽ ഇയാൾക്കതിരെ സാമ്പത്തിക ക്രമക്കേടുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചിരുന്നു. തമിഴ്നാട്ടിൽ അതിഥി തൊഴിലാളികൾക്ക് മർദ്ദനമേൽക്കുന്നതായി 30ഓളം വ്യാജ വീഡിയോകളാണ് പ്രചരിപ്പിച്ചത്. ഇതേ തുടർന്ന് തമിഴ്നാട്ടിൽ ജോലിക്ക് പോകുന്നത് ഭീകരമാണെന്ന അവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടത്. തമിഴ്നാട് പൊലീസ് 13 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.