ഇനി കിറ്റ് ഉണ്ടാവില്ല, വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ

news image
Nov 19, 2021, 12:23 pm IST

കൊച്ചി: റേഷൻ കട വഴിയുള്ള കിറ്റ് ഇനി ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആ‌ർ അനിൽ. കൊവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് കിറ്റ് നൽകിയതെന്നും വിലക്കയറ്റത്തിൻ്റെ സാഹചര്യത്തിൽ കിറ്റ് നൽകില്ലെന്നും മന്ത്രി പറഞ്ഞു. വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നുണ്ടെന്നാണ് മന്ത്രിയുടെ വിശദീകരണം. പൊതു മാ‌ർക്കറ്റിൽ നന്നായി ഇടപെടുന്ന നിലപാടാണ് കേരളത്തിൽ ഇടത് സ‌ർക്കാ‌ർ സ്വീകരിച്ചിട്ടുള്ളത്. സപ്ലൈക്കോ വഴിയും കൺസ്യൂമ‌‌ർഫെഡും ന്യായ വിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞ ആറ് വ‌ർ‌ഷമായി പതിമൂന്ന് നിത്യോപയോ​ഗ സാധനങ്ങൾ സപ്ലൈക്കോയിൽ വില വ‌ർധിച്ചിട്ടില്ല. ഭക്ഷ്യമന്ത്രി നിലപാട് വ്യക്തമാക്കി.

രാജ്യത്തൊട്ടാകെയുള്ള വിലക്കയറ്റം കേരളത്തെ ബാധിക്കാതിരിക്കാൻ വേണ്ടതെല്ലാം സ‌ർക്കാ‌ർ ചെയ്യുന്നുണ്ടെന്നാണ് ജി ആ‌ർ അനിലിന്റെ അവകാശവാദം. ആന്ധ്രയിൽ നിന്നുള്ള ഉത്പന്നങ്ങൾ കേരളത്തിൽ വില കുറച്ച് വിതരണം ചെയ്യാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേ‌ർത്തു. കിറ്റ് വീണ്ടും തുടങ്ങില്ല. ആളുകൾക്ക് ജോലി പോലും ഇല്ലാതിരുന്ന കാലത്താണ് കിറ്റ് നൽകിയത്. ഇപ്പോൾ തൊഴിൽ ചെയ്യാൻ പറ്റുന്ന സാഹചര്യമുണ്ട്. വരും മാസങ്ങളിൽ കിറ്റ് കൊടുക്കുന്ന കാര്യം സ‌ർക്കാരിന്റെ പരി​ഗണനയിലോ ആലോചനയിലോ ഇല്ല. പച്ചക്കറിയുടെയും മറ്റ് നിത്യോപയോ​ഗ സാധനങ്ങളുടെയും വില വർധിച്ചത് സ‌ർക്കാർ ​ഗൗരവത്തോടെ തന്നെയാണ് കാണുന്നത്. സാധ്യമായ എല്ലാ വിപണി ഇടപെടലുകളും സർക്കാ‌ർ നടത്തുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe