പാസ്വേഡ് രഹിത ഭാവിക്കായി വർഷങ്ങളായി പ്രവർത്തിച്ചുവരികയായിരുന്ന ഗൂഗിൾ, ഒടുവിൽ പാസ്‌കീ (Passkey) സേവനം അവതരിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ സഹായത്തോടെ, പാസ്‌വേഡ് ഉപയോഗിക്കാതെ തന്നെ ആപ്പുകളും വെബ്‌സൈറ്റുകളുമടങ്ങുന്ന പ്രധാന പ്ലാറ്റ്‌ഫോമുകളിൽ ഗൂഗിള്‍ അക്കൗണ്ടുകൾ സൈൻ-ഇൻ ചെയ്യാൻ നിങ്ങൾക്ക് കഴിയും.
പാസ്‌വേഡുകൾ എത്രത്തോളം അപകടകരമാണെന്ന് ആരോടും പറഞ്ഞുതരേണ്ടതില്ല. ഏറ്റവും ശക്തമായ പാസ്‌വേഡുകളുടെ സുരക്ഷ പോലും ഭേദിച്ചുള്ള വിവര ചോർച്ചയും ഫിഷിങ് ആക്രമണങ്ങളും ദിനേനെയെന്നോണം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രശ്‌നത്തെ നേരിടാൻ, ഗൂഗിൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലളിതവും എന്നാൽ കൂടുതൽ സുരക്ഷിതവുമായ പോംവഴി വികസിപ്പിച്ച് വരികയായിരുന്നു. അതാണ് – പാസ്‌കീ.
പാസ്‌വേഡുകൾക്ക് പകരമായി, ഫിംഗർപ്രിന്റ് സ്കാൻ, ഫേസ് സ്കാർ, പിൻ, പാറ്റേൺ ലോക്കുക, ഹാർഡ്‌വെയർ അധിഷ്‌ഠിത സുരക്ഷാ കീകൾ തുടങ്ങിയ ബയോമെട്രിക് സംവിധാനങ്ങളെയാണ് പാസ്‌കീ ആശ്രയിക്കുന്നത്. ഇത് പാസ് വേഡ്, ഒ.ടി.പി സംവിധാനങ്ങളേക്കാൾ സുരക്ഷിതമാണെന്നാണ് ഗൂഗിള്‍ പറയുന്നത്. മൈക്രോസോഫ്റ്റ് ആപ്പിള്‍ തുടങ്ങിയ കമ്പനികളുമായി സഹകരിച്ച് കഴിഞ്ഞ വർഷം പാസ്‌കീ സൗകര്യം അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു.
പാസ്‌കീ സേവനം എങ്ങനെ ഉപയോഗിക്കാം…
നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിൽ പാസ്‌കീ പ്രവർത്തനക്ഷമമാക്കുന്നതിന്, ഇവിടെ അറ്റാച്ച് ചെയ്‌തിരിക്കുന്ന സന്ദർശിക്കാവുന്നതാണ്. നിങ്ങളുടെ കൈയ്യിലുള്ള ഓരോ ഡിവൈസുകൾക്കും വേണ്ടി ആ ഉപകരണങ്ങളിൽ തന്നെ പാസ്‌കീ സജ്ജീകരിക്കേണ്ടതുണ്ട്. അതായത്, നിങ്ങളുടെ ഫോണിൽ സജ്ജീകരിച്ച പാസ്‌കീ, അതേ അക്കൗണ്ടുള്ള ടാബ്ലറ്റിനും പി.സിക്കും ബാധകമാകില്ല. അതാത് ഉപകരണം ഉപയോഗിച്ച് തന്നെ അത് സെറ്റ് ചെയ്യണം. പാസ്‌കീ കൂടുതൽ പ്രചാരം നേടുന്നതോടെ, പാസ്വേഡ്, ഒ.ടി.പി സേവനങ്ങൾ അപ്രത്യക്ഷമാവാനും സാധ്യതയുണ്ട്.