ഇനി മണിക്കൂറുകൾ മാത്രം, നിശബ്ദപ്രചാരണത്തിലും വാക്ക്പോര്, അവസാനവട്ടം വോട്ടുറപ്പിക്കാൻ സ്ഥാനാർത്ഥികൾ

news image
Apr 25, 2024, 8:28 am GMT+0000 payyolionline.in

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം വിധിയെഴുതാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. നാളെ രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ് പോളിംഗ്. നിശബ്ദപ്രചാരണദിനമായ ഇന്ന് അവസാനവട്ടം വോട്ടുറപ്പിക്കാനുള്ള തിരക്കിലായിരുന്നു സ്ഥാനാർത്ഥികൾ. ഉള്ളിൽ ചങ്കിടിപ്പുണ്ടെങ്കിലും പുറത്ത് വലിയ ആത്മവിശ്വാസമാണ് മൂന്ന് മുന്നണികളും പ്രകടിപ്പിക്കുന്നത്.

നിർണ്ണായക വിധിയെഴുത്തിനാണ് കേരളം ഒരുങ്ങുന്നത്. രാവിലെ മുതൽ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി. ഉദ്യോഗസ്ഥാർ വോട്ടിംഗ് യന്ത്രങ്ങളടക്കം ഏറ്റുവാങ്ങി ബൂത്തുകളിലേക്കെത്തിത്തുടങ്ങി. 2,77, 49,159 വോട്ടർമാരാണ് ആകെ  കേരളത്തിലുളളത്. ഇവർക്കായി 25,231 ബൂത്തുകളാണ് സജീകരിച്ചിട്ടുളളത്. കനത്ത സുരക്ഷ ഒരുക്കുന്നതിനായി 62 കമ്പനി കേന്ദ്രസേനയെ അധികമായും വിന്യസിച്ചിട്ടുണ്ട്. രാവിലെ 7 മണിയോട് ജനങ്ങൾ പോളിംഗ് ബൂത്തിലേക്ക് എത്തും.പോളിംഗ് 80 ശതമാനത്തിന് മേലെത്തിക്കാനാണ് മുന്നണികളുടെ ഇനിയുള്ള ശ്രമം. 2019 ൽ 77.67 % പോളിംഗാണ് രേഖപ്പെടുത്തിയത്.

വമ്പൻ പ്രചാരണത്തിന്റെ  ആവേശം പോളിംഗിലുമുണ്ടാകുമെന്നാണ് വിവിധ പാർട്ടികളുടെ പ്രതീക്ഷ.അവസാന മണിക്കൂറിലും സ്ഥാനാർത്ഥികൾ തിരക്കിലാണ്. വിട്ടുപോയവരെ ഒരിക്കൽ കൂടി കണ്ടും മണ്ഡലത്തിലെ പ്രമുഖരെ സന്ദർശിച്ചും ആരാധനാലയങ്ങളിൽ പ്രാർത്ഥിച്ചും വോട്ടുറപ്പാക്കുകയാണ്. ഇതിനിടയിലും വാക് പോരും ആരോപണങ്ങളും അവകാശവാദങ്ങളും തുടരുന്നു.

കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരായ ജനവികാരത്തിൽ വമ്പൻ ജയമാണ് യുഡിഎഫ്  പ്രതീക്ഷിക്കുന്നത്. പത്തിലേറെ സീറ്റുകളിൽ എതിരാളികൾ പോലും യുഡിഎഫ് ജയം സമ്മതിക്കുന്നുവെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്. കടുത്ത മത്സരങ്ങളുള്ള മൂന്നോ നാലോ സീറ്റുകളിലും മുന്നിൽ മുന്നണിയെന്നാണ് അവകാശവാദം. ബിജെപി വിരുദ്ധ വോട്ടുകൾ ഇത്തവണ കോൺഗ്രസിനേക്കാൾ ഇടതിനായി ഏകീകരിക്കുമെന്നാണ് എൽഡിഎഫ് കണക്ക് കൂട്ടൽ. സിഎഎയിൽ ഊന്നി മുഖ്യമന്ത്രി നയിച്ച പ്രചാരണം നേട്ടമുണ്ടാക്കിയെന്ന് നേതൃത്വം. 2004 ലെ ഇടതുതരംഗത്തിന്റെ ആവർത്തനമുണ്ടാകുമെന്ന് അവകാശവാദം. മോദി കേരളത്തിലും സീറ്റ് കൊണ്ടുവരുമെന്നാണ് ബിജെപി പ്രതീക്ഷ, ഡബിൾ ഡിജിറ്റ് പറയുന്നെങ്കിലും മൂന്ന് സീറ്റെങ്കിലും കിട്ടുമെന്നാണ് എൻഡിഎ അവകാശവാദം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe