ന്യൂഡൽഹി ∙ അപ്രതീക്ഷിതമായി അതിർത്തി കടന്ന പാക്കിസ്ഥാൻ വിമാനം ഇന്ത്യൻ വ്യോമമേഖലയിലൂടെ ഏറെ ദൂരം പറന്നതായി റിപ്പോർട്ട്. മോശം കാലാവസ്ഥ കാരണം ലഹോർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ സാധിക്കാതിരുന്നതോടെയാണ് പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസിന്റെ ബോയിങ് 777 ജെറ്റ്‌ലൈനർ ഇന്ത്യയുടെ അതിർത്തിയിലേക്ക് വഴിമാറിയത്.
മേയ് നാലിന് അതിർത്തി കടന്നെത്തിയ പികെ–248 എന്ന പാക്ക് വിമാനത്തെ ഇന്ത്യൻ വ്യോമസേന നിരീക്ഷിച്ചിരുന്നു. രാത്രി 8.42ന് പഞ്ചാബ് അതിർത്തിയിലേക്കാണ് വിമാനം കയറിയത്. ഒമാനിലെ മസ്കത്തിൽനിന്നു ലഹോറിലെ അല്ലാമ ഇഖ്ബാൽ രാജ്യാന്തര വിമാനത്താവളത്തിലേക്കു പുറപ്പെട്ടതായിരുന്നു വിമാനം. കനത്ത മഴയെത്തുടർന്ന് ഇവിടെ ലാൻഡ് ചെയ്യാനായില്ല. സംഭവത്തെപ്പറ്റി ഡൽഹി എയർ ട്രാഫിക് കൺട്രോൾ അറിഞ്ഞിരുന്നെന്നാണു പുറത്തുവരുന്ന വിവരം.
‘‘മോശം കാലാവസ്ഥ മൂലം പാക്ക് വിമാനം വഴിമാറി പറക്കാൻ തീരുമാനിച്ചത് ലഹോറിലെയും ഡൽഹിയിലെയും എയർ ട്രാഫിക് കൺട്രോൾ യൂണിറ്റുകൾ തമ്മിലുണ്ടാക്കിയ അടിയന്തര ധാരണ പ്രകാരമാണ്. ഇന്ത്യൻ വ്യോമസേന സംഭവം നിരീക്ഷിച്ചിരുന്നു.’’– ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.
കുറച്ചുദൂരം ഇന്ത്യയുടെ പ്രദേശത്ത് പറന്നശേഷം തിരികെ പാക്കിസ്ഥാനിലേക്കു പ്രവേശിച്ച വിമാനം പിന്നീട് മുൾട്ടാനിലാണ് ലാൻഡ് ചെയ്തത്. കാലാവസ്ഥ മോശമാകുമ്പോൾ ഈ മേഖലയിൽ വിമാനങ്ങൾ വഴിമാറി പറക്കുന്നത് സാധാരണമാണെന്നു വിദഗ്ധർ പറയുന്നു. ക്വാലലംപുർ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്ക് ഉൾപ്പെടെയുള്ള ചില പാക്ക് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമമേഖല ഉപയോഗിക്കാൻ അനുമതിയുണ്ട്. ഇന്ത്യൻ വിമാനങ്ങൾ പാക്ക് വ്യോമമേഖല ഉപയോഗിക്കുന്നതും പതിവാണ്.