ദില്ലി: ബിൽക്കിസ് ബാനു കേസിനിടെ സുപ്രീം കോടതിയിൽ മാധ്യമ സ്വാതന്ത്ര്യ വിഷയവും ചർച്ചയായി. മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തിൽ സുപ്രിം കോടതിയിൽ ജസ്റ്റിസ് കെ എം ജോസഫും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും തമ്മിലാണ് ചർച്ചയുണ്ടായത്. മാധ്യമ സ്വാതന്ത്ര്യ വിഷയത്തിൽ ആഗോളതലത്തിൽ ഇന്ത്യ 161 ാം സ്ഥാനത്താണെന്നാണ് ബിൽക്കിസ് ബാനു കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് കെ എം ജോസഫ് അഭിപ്രായപ്പെട്ടത്. എന്നാൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇതിനെ എതിർക്കുകയായിരുന്നു.
റാങ്കിംഗ് നടത്തുന്നത് ഏത് ഏജൻസി എന്നത് അനുസരിച്ചാകും റാങ്ക് നിശ്ചയിക്കപ്പെടുകയെന്നാണ് സോളിസിറ്റർ ജനറൽ അഭിപ്രായപ്പെട്ടത്. ഇന്ത്യ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തിൽ ഒന്നാം റാങ്കിലുള്ള ഉള്ള റിപ്പോർട്ടുകളുണ്ടെന്നും അത് വേണമെങ്കിൽ സുപ്രീം കോടതിക്ക് നൽകാമെന്നും തുഷാർ മേത്ത വ്യക്തമാക്കി. ബിൽക്കിസ് ഭാനു കേസിലെ നടപടിക്കിടെയായിരുന്നു ജസ്റ്റിസ് കെ എം ജോസഫിന്‍റെ പരാമർശം ഉണ്ടായത്.