ഇന്ദിരയുടെ വഴിയേ പ്രിയങ്കയും; തെലങ്കാനയില്‍നിന്ന് ലോക്‌സഭയിലേക്കു മത്സരിക്കാന്‍ ആലോചന

news image
May 6, 2023, 10:32 am GMT+0000 payyolionline.in

ഹൈദരാബാദ്∙ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി തെലങ്കാനയില്‍നിന്ന് ആദ്യമായി ലോക്‌സഭയിലേക്കു മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മുത്തശ്ശിയായ ഇന്ദിരാ ഗാന്ധിയുടെ പാത പിന്തുടര്‍ന്ന് തെലങ്കാനയിലെ മേദക്കിലോ,മെഹബൂബ് നഗറിലോ പ്രിയങ്ക മത്സരിക്കാനാണ് സാധ്യതയെന്നാണു ന്യൂഇന്ത്യ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യം ഹൈക്കമാന്‍ഡ് ഗൗരവമായി പരിഗണിക്കുകയാണെന്നാണു സൂചനയെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല

1980ല്‍ നിര്‍ണായക തിരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധി വിജയിച്ച മണ്ഡലമാണ് മേദക്ക്. അടിയന്തരവാസ്ഥയ്ക്കു ശേഷമുള്ള പ്രതിസന്ധികള്‍ക്കിടയിലും മേദക്ക് ഇന്ദിരയ്‌ക്കൊപ്പം നിന്നിരുന്നു.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ക്കു മുന്‍പാണ് തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പൊതുതിരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമാകും.

തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണച്ചുമതല പ്രിയങ്കയ്ക്കായിരിക്കും. കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ഓരോ 20 ദിവസത്തിനുള്ളിലും പ്രിയങ്ക ഒരു പ്രാവശ്യമെങ്കിലും തെലങ്കാനയില്‍ സന്ദര്‍ശനം നടത്തുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 20 പൊതുയോഗങ്ങളില്‍ പ്രിയങ്ക പങ്കെടുക്കുമെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. മേയ് 8ന് സരൂര്‍ നഗറിലാണ് ആദ്യ പൊതുയോഗം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe