ഇന്നലെ റേഷന്‍ വാങ്ങിയത് 7.32 ലക്ഷം ; ചില ജില്ലകളില്‍ നെറ്റ്‌വർക്ക് തകരാര്‍

news image
Jan 28, 2022, 10:05 am IST payyolionline.in

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 7.32 ലക്ഷം കാര്‍ഡ് ഉടമകള്‍ റേഷന്‍ വാങ്ങി. ഇപോസ് സംവിധാനത്തിലെ സെര്‍വര്‍ തകരാര്‍ മൂലം പ്രവര്‍ത്തന സമയത്തില്‍ ഏര്‍പ്പെടുത്തിയ രണ്ടാഴ്ചത്തെ നിയന്ത്രണം പിന്‍വലിച്ചു കടകള്‍ സാധാരണ പ്രവര്‍ത്തനത്തിലേക്കു തിരിച്ചെത്തിയ ആദ്യ ദിനത്തിലാണു വന്‍ വില്‍പന.

 

 

 

 

 


സാധാരണ 3.5 ലക്ഷം മുതല്‍ 4 ലക്ഷം വരെ പേരാണു ദിവസേന കടകളില്‍ എത്തുന്നത്. മാസാവസാന ദിനങ്ങളായതും കൂടുതല്‍ പേര്‍ എത്താന്‍ കാരണമായി. ആകെയുള്ള 91.81 ലക്ഷം കാര്‍ഡ് ഉടമകളില്‍ 57.49 ലക്ഷം പേര്‍ (62.61%) ഈ മാസം റേഷന്‍ വാങ്ങി. അതേസമയം, ഇന്നലെ ഇപോസ് യന്ത്രം പ്രവര്‍ത്തിക്കാത്തതു സംബന്ധിച്ചു ചില ജില്ലകളില്‍ പരാതികള്‍ ഉണ്ടായി. റേഷന്‍ കടയില്‍ നെറ്റ്വര്‍ക് പ്രശ്‌നം കൊണ്ടു വിതരണത്തില്‍ വേഗക്കുറവ് ഉണ്ടായിട്ടുണ്ടാവാം എന്നും ഇതു സെര്‍വര്‍ തകരാര്‍ അല്ലെന്നും മന്ത്രി ജി.ആര്‍.അനില്‍ വിശദീകരിച്ചു.

 

റേഷന്‍ വിതരണത്തിനുള്ള സാങ്കേതിക സംവിധാനങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു വരുന്നതായി നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററും (എന്‍ഐസി) സംസ്ഥാന ഐടി മിഷനും പരിശോധന നടത്തി ഉറപ്പാക്കിയിട്ടുണ്ട്. റേഷന്‍ വിതരണത്തില്‍ ഇപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും കാര്‍ഡ് ഉടമകളെ റേഷന്‍ വാങ്ങുന്നതില്‍ നിന്നു നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് ഇതെന്നും മന്ത്രി ആരോപിച്ചു. അതേസമയം, ഭക്ഷ്യ വകുപ്പ് വ്യാപാരികള്‍ക്കു നല്‍കിയ ഇപോസ് മെഷീനിലെ സിം കാര്‍ഡുകളിലെ നെറ്റ്വര്‍ക് സംവിധാനം കാര്യക്ഷമമല്ലാത്തതാണു പ്രശ്‌നങ്ങള്‍ക്കു കാരണമെന്നു സൂചനയുണ്ട്. വിവിധ മൊബൈല്‍ സേവനദാതാക്കള്‍ വഴി പ്രശ്‌നം പരിഹരിക്കുമെന്നു മുന്‍പു വകുപ്പ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടപ്പായില്ല.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe