ഇന്‍റര്‍നെറ്റ് തട്ടിപ്പിലൂടെ ഇന്ത്യയില്‍ നിന്ന് 328 കോടി രൂപ തട്ടി

news image
Dec 3, 2013, 7:24 pm IST payyolionline.in
ന്യൂഡല്‍ഹി:സാമ്പത്തിക വര്‍ഷം രണ്ടാം ക്വാര്‍ട്ടറില്‍ ഇന്‍റര്‍നെറ്റ് വഴി തട്ടിപ്പ് വീരന്‍മാര്‍ ഇന്ത്യയില്‍ നിന്ന് തട്ടിയെടുത്തത് 328 കോടി രൂപ. 3,750 കയ്യേറ്റ ശ്രമങ്ങളാണ് ഈ കാലത്ത് ഇവര്‍ രാജ്യത്തെ സൈബര്‍ ലോകത്ത് നടത്തിയത്. ആഗോളതലത്തില്‍ നാലാം സ്ഥാനത്താണ് ഇന്ത്യയെന്ന് ഐറ്റി സര്‍വീസ് മേഖലയിലെ പ്രമുഖരായ ഇഎംസി വ്യക്തമാക്കി.

ലോകവ്യാപകമായി 1.7 ബില്ല്യണ്‍ ഡോളര്‍ സൈബര്‍ ലോകത്ത് നിന്ന് ഇവര്‍ തട്ടിയെടുത്തത്. ഏപ്രില്‍- സെപ്റ്റംബര്‍ മാസങ്ങളില്‍ 1,25,212 കയ്യേറ്റ ശ്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. തട്ടിപ്പിലൂടെ നഷ്ടപ്പെട്ട ആകെ തുകയുടെ 50 ശതമാനവും യുഎസ്, ജര്‍മനി, യുകെ, ഇന്ത്യ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന്.

882 മില്ല്യണ്‍ ഡോളറാണ് യുഎസിന് ഈയിനത്തില്‍ നഷ്ടമായത്, തൊട്ടുപുറകില്‍ ജര്‍മനി (294 മില്ല്യണ്‍ ഡോളര്‍) യുകെ (133 മില്ല്യണ്‍ ഡോളര്‍) ഇന്ത്യ (52.9 മില്ല്യണ്‍ ഡോളര്‍) സൗത്ത് ആഫ്രിക്ക (43 മില്ല്യണ്‍ ഡോളര്‍) മറ്റ് എല്ലാ രാജ്യങ്ങളിലും മൊത്തമായി (261 മില്ല്യണ്‍ ഡോളര്‍) നഷ്ടമായി. ആഗോള മേഖലയിലെ മൊത്തം തട്ടിപ്പിന്‍റെ ഏഴ് ശതമാനം ഇന്ത്യയ്ക്കാണ്. 27 ശതമാനവുമായി യുഎസ് തന്നെയാണ് ഇവിടെയും മുന്നില്‍. 12 ശതമാനവുമായി യുകെ രണ്ടാമതാണ്.

ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്താണ് ഈ തുകയിലേറെയും തട്ടിയെടുക്കപ്പെട്ടത്. തട്ടിപ്പ് ഇമെയില്‍ സന്ദേശങ്ങളിലൂടെ ഉപഭോക്താക്കളുടെ യൂസര്‍നെയിമും പാസ്വേര്‍ഡും തട്ടിയെടുക്കുന്ന രീതിയാണ് സൈബര്‍ കള്ളന്‍മാര്‍ സ്വീകരിക്കുന്നത്.

ഇവര്‍ അയക്കുന്ന ഇമെയിലുകള്‍ കണ്ടാല്‍ ബാങ്കോ ബ്രോക്കറേജ് സ്ഥാപനങ്ങളോ അയച്ച മെയിലുകളാണെന്നേ ഉപഭോക്താവിന് തോന്നു. ബാങ്കുകള്‍ക്ക് പുറമെ മെയില്‍ ആക്കൗണ്ടില്‍ ചേര്‍ത്തിട്ടുള്ള സുഹൃത്തുക്കളുടെ മെയില്‍ ഐഡി ചോര്‍ത്തിയും ഇവര്‍ സന്ദേശമയക്കുമ്പോള്‍ തട്ടിപ്പിനിരയാവുന്നവരും ഏറെയാണ്.

ഡെബിറ്റ് കാര്‍ഡ് തട്ടിപ്പ് തടയുന്നിന് വേണ്ടി എടിഎം ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ട്രാന്‍സാക്ഷനുകള്‍ക്ക് പിന്‍ നമ്പര്‍ നിര്‍ബന്ധമാക്കി. ഡിസംബര്‍ ഒന്ന് മുതല്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഷോപ്പിങ്ങിന് പിന്‍ നമ്പര്‍ കൂടിയേതീരു എന്ന് ബാങ്കുകള്‍ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe