ഇപി ജയരാജൻ വധശ്രമക്കേസ്; കെ സുധാകരൻ കുറ്റവിമുക്തൻ, കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജി അനുവദിച്ചു

news image
May 21, 2024, 7:14 am GMT+0000 payyolionline.in

കൊച്ചി: സിപിഎം നേതാവ് ഇ.പി.ജയരാജനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെ സുധാകരൻ കുറ്റവിമുക്തൻ. കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്‍റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചുകൊണ്ടാണ് പ്രതിപട്ടികയില്‍ ഒഴിവാക്കികൊണ്ട് ഉത്തരവിറക്കിയത്. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഉത്തരവിറക്കിയത്.കേസില്‍ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ ചുമത്തിയിരുന്നത്. കേസിൽ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേൽക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തന്നെയും കുറ്റമുക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കെ.സുധാകരൻ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചത്. എന്നാൽ, സുധാകരനെതിരെ ഗൂഡാലോചനക്ക് തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹർജി വിചാരണ കോടതി തള്ളി. തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിചാരണയിൽ നിന്ന് ഒഴിവാക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടിരുന്നു.

2016ലാണ് കേസില്‍ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് കെ സുധാകരൻ ഹൈക്കോടതിയെ സമീപിച്ചത്. 1995 ഏപ്രില്‍ 12ന് ട്രെയിൻ യാത്രക്കിടെയാണ് ഇപിക്കെതിരെ വധശ്രമം ഉണ്ടായത്. തിരുവനന്തപുരത്ത് താമസിച്ച് കെ സുധാകരൻ ജയരാജനെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്നാണ് കേസ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe