ഇരിങ്ങലിൽ ദേശീയപാതയിലേക്ക് വീഴാറായ തെങ്ങ് മുറിച്ച് മാറ്റി; ജെസിബി ഓപ്പറേറ്ററും ഫയര്‍മാന്‍മാരും രക്ഷപ്പെട്ടത് തലനാരിഴക്ക്

news image
Sep 2, 2021, 11:05 pm IST

പയ്യോളി: വൈദ്യുത ലൈനിലേക്ക് ചെരിഞ്ഞു ദേശീയപാതയിലേക്ക് വീഴാറായ നിലയിലുള്ള തെങ്ങ് ഫയർഫോഴ്സ് മുറിച്ചുമാറ്റി. ദേശീയപാതയിൽ ഇരിങ്ങലിനും മങ്ങൂൽപ്പാറക്കും ഇടയിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുള്ള  തെങ്ങ് കടപുഴകി വീണ് വൈദ്യുത ലൈനിൽ തട്ടി ദേശീയപാതയിലേക്ക് വീഴാറായ നിലയിൽ വ്യാഴാഴ്ച രാവിലെ എട്ടോടെയാണ്  നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പൂർണ്ണമായും വേരറ്റ നിലയിലായ തെങ്ങ് ഏതാനും  വൈദ്യുതകമ്പികളുടെ ബലത്തിലാണ് ഉണ്ടായിരുന്നത്.

ഇരിങ്ങൽ ദേശീയപാതയിൽ വൈദ്യുതലൈനിലേക്ക് പതിച്ച തെങ്ങ് ഫയർഫോഴ്സ് സംഘം മുറിച്ചു മാറ്റുന്നു

ഏത് നിമിഷവും വൈദ്യുതകമ്പികൾ പൊട്ടി നിലത്ത് വീഴാവുന്ന നിലയിലായിരുന്നു തെങ്ങിൻ്റെ അവസ്ഥ. ഉടൻ കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ലൈനിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചെങ്കിലും തെങ്ങ് മുറിച്ച് മാറ്റാൻ കഴിഞ്ഞില്ല. തുടർന്ന് വടകരയിൽ നിന്ന്   ഫയർഫോഴ്സും, പയ്യോളി പോലീസും എത്തിയ ശേഷം രാവിലെ പതിനൊന്നോടെ ജെ.സി.ബി.യുടെ സഹായത്തോടെ തെങ്ങ് മുറിച്ച് മാറ്റുകയായിരുന്നു.

മുറിച്ച് മാറ്റുന്നതിനിടയില്‍ അടർന്നു പോയ തെങ്ങിൻ്റ ഒരു ഭാഗം ജെ.സി.ബി.യുടെ മുകളിൽ പതിച്ച് മുമ്പിലത്തെ ഗ്ലാസ്സുകൾ തകർന്നു. മുറിഞ്ഞു വീണ തെങ്ങിൻ കഷ്ണം  ദേഹത്ത് പതിക്കാതെ  തലനാരിഴക്കാണ് ജെ.സി.ബി. ഓപ്പറേറ്ററും, കയറിനിന്ന  ഫയർമാൻമാരും രക്ഷപ്പെട്ടത്. വടകര ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ കെ. അരുൺ, സീനിയർ റെസ്ക്യൂ ഓഫീസർ കെ.ശശി, പയ്യോളി എസ്.ഐ. മാരായ വിമൽ ചന്ദ്രൻ, എ.കെ. സജീഷ് എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe