ഇരിങ്ങൽ സർഗ്ഗാലയ ഇനി മുതൽ ഹരിത വിനോദ സഞ്ചാര കേന്ദ്രം

news image
Nov 30, 2024, 6:26 am GMT+0000 payyolionline.in

പയ്യോളി : ഇരിങ്ങൽ സർഗ്ഗാലയ ആർട്സ് ആന്‍റ്  ക്രാഫ്റ്റ് വില്ലേജ് ഇനി മുതൽ ഹരിത വിനോദ സഞ്ചാര കേന്ദ്രമായി മാറും. ഹരിത വിനോദ സഞ്ചാര കേന്ദ്രമായി ജില്ലാ ഹരിതകേരള മിഷനാണ് സർഗ്ഗാലയെ തെരെഞ്ഞെടുത്തത്. ഹരിത വിനോദ സഞ്ചാര കേന്ദ്രമായി സർഗ്ഗാലയെ നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാൻ പ്രഖ്യാപിച്ചു.

 

ചടങ്ങിൽ വെച്ച് ഹരിത കേരള മിഷൻ്റെ സർട്ടിഫിക്കറ്റും ചെയർമാൻ സർഗ്ഗാലയ ജനറൽ മാനേജർക്ക് കൈമാറി. ജില്ലാ ഹരിതകേരള മിഷൻ്റെ മാനദണ്ഡ പ്രകാരമുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാണ് സർഗ്ഗാലയെ ഹരിത വിനോദ സഞ്ചാര കേന്ദ്രമായി തെരെഞ്ഞെടുത്തത്. സർഗ്ഗാലയുടെ പ്രവർത്തനം ഇനി മുതൽ ഹരിതചട്ടം പാലിച്ച് മാത്രമായിരിക്കും. സന്ദർശകർക്കും ഇത് ബാധകമാവും. ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനും അജൈവ പാഴ്‌വസ്തുക്കൾ പരിപാലനം നടത്തുന്നതിനും ദ്രവമാലിന്യ സംസ്കരണത്തിനും സംവിധാനം ഒരുക്കിയിട്ടുണ്ട്.

ആവശ്യമായ പ്രത്യേക ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്. പ്രത്യേക ബോധവൽക്കരണ ബോർഡുകളും സ്ഥാപിക്കും. ഹരിത വിനോദ സഞ്ചാര കേന്ദ്രമായുള്ള പ്രവർത്തനം നഗരസഭ നിരീക്ഷിക്കും. സർഗ്ഗാലയിൽ വെച്ച് നടന്ന ചടങ്ങിൽ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി.എം. ഹരിദാസൻ അധ്യക്ഷത വഹിച്ചു. ഹരിതകേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.ടി. പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

 

നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ അഷ്റഫ് കോട്ടക്കൽ, മഹി ജ എളോടി, ഷെജ്മിന അസ്സയിനാർ നഗരസഭ ക്ലീൻസിറ്റി മാനേജർ ലതീഷ് കെ.സി എന്നിവർ സംസാരിച്ചു.സർഗ്ഗാലയ ജനറൽ മാനേജർ രാജേഷ് സ്വാഗതവും നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ടി.പി. പ്രജീഷ് കുമാർ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe