തിരുവനന്തപുരം∙ റോഡ് ക്യാമറകളുടെ പരിശോധനകളെക്കുറിച്ചുള്ള പരാതികള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളെ കൊണ്ടുപോകാനാകില്ലെന്ന പ്രശ്നം പരിശോധിക്കും. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് ഒന്നും ചെയ്യാനാകില്ല. നിയമത്തില്‍ ഇളവു വരുത്തുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മേയ് പത്തിന് ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേരും. മുന്‍ ട്രാന്‍സ്പോര്‍ട്ട് ജോയിന്‍റ് കമ്മിഷണര്‍ രാജീവ് പുത്തലത്തിനെതിരെ ആറ് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഒരു റോഡ് ക്യാമറ ഇടപാടിൽ ഇയാള്‍ക്ക് പങ്കുള്ളതായി പരാതി ഉയര്‍ന്നിട്ടുണ്ടെന്നും, വിജിലന്‍സ് അന്വേഷണത്തിന് ഗതാഗത വകുപ്പ് ശുപാര്‍ശ നല്‍കിയിരുന്നുവെന്നും മന്ത്രി അറിയിച്ചു.