ഇൻസ്റ്റഗ്രാമിലെ അഖിയേട്ടൻ; അങ്കമാലി സ്വദേശി ആതിരയെ കൊന്നത് കാട്ടിൽ എത്തിച്ച്: കണ്ടത് അഴുകിയ മൃതദേഹം

news image
May 5, 2023, 9:24 am GMT+0000 payyolionline.in

തൃശൂർ∙ അങ്കമാലി പാറക്കടവ് സ്വദേശി ആതിരയെ കൊലപ്പെടുത്തിയ അഖിൽ പി. ബാലചന്ദ്രൻ സമൂഹമാധ്യമങ്ങളിലെ റീൽസ് താരം! ഇൻസ്റ്റഗ്രാമിലെ അഖിയേട്ടൻ‌ എന്ന പ്രൊഫൈലിലൂടെ റീൽസ് ഇട്ടിരുന്ന അഖിലിന് നിലവിൽ 11,000ൽ അധികം ഫോളോവർമാരാണ് ഉള്ളത്. ഇടുക്കി വെള്ളത്തൂവൽ സ്വദേശിയായ അഖിൽ ഭാര്യയ്ക്കൊപ്പം അങ്കമാലിയിൽ വാടകയ്ക്കു താമസിക്കുകയാണെന്നാണ് വിവരം.

∙ മൃതദേഹം അഴുകിത്തുടങ്ങി

അതിരപ്പിള്ളി തുമ്പൂർമുഴിയിൽ വനമേഖലയിൽ എത്തിച്ച് കഴുത്തിൽ ഷോൾ മുറുക്കിയാണ് ആതിരയെ അഖിൽ കൊലപ്പെടുത്തിയത്. പ്രധാനറോഡിൽനിന്ന് 800 മീറ്ററോളം മാറിയുള്ള വനപ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. പാറകൾക്കിടയിൽ കാൽപ്പാദങ്ങൾ മാത്രം പുറത്തുകാണുന്ന രീതിയിലായിരുന്ന മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. ആതിരയെ വനത്തിനുള്ളിലേക്കു കൊണ്ടുപോകാൻ ബലപ്രയോഗമൊന്നും നടത്തിയിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം. വാഹനം നിർത്തിയശേഷം ഇരുവരും ഒരുമിച്ചാണ് വനത്തിലേക്കു നടന്നുപോയതെന്നും പൊലീസ് കരുതുന്നു. ചോദ്യംചെയ്തതിൽ അഖിൽ പൊലീസിനോട് ആദ്യം കൊലപാതകം സമ്മതിച്ചില്ലെങ്കിലും പിന്നീട് സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും അടക്കം വച്ച് ചോദിച്ചപ്പോൾ അഖിൽ കുറ്റം സമ്മതിക്കുകയായിരുന്നു.

∙ പണയം വച്ചത് 12 പവൻ

അങ്കമാലിയിലെ സൂപ്പർമാർക്കറ്റിൽ ഒരുമിച്ചു ജോലി ചെയ്യുന്ന ഇരുവരും കഴിഞ്ഞ ആറുമാസമായി സുഹൃത്തുക്കൾ ആയിരുന്നു. പണയം വയ്ക്കാനായി 12 പവൻ സ്വർണം ആതിര അഖിലിന് നൽകിയിരുന്നു. ഇതു വേഗം എടുത്തു തരാമെന്നായിരുന്നു അഖിൽ പറഞ്ഞിരുന്നത്. പക്ഷേ സ്വർണത്തെക്കുറിച്ചു ചോദിക്കുമ്പോൾ അഖിൽ ഒഴികഴിവുകൾ പറയുകയായിരുന്നു. ആതിരയാണെങ്കിൽ സ്വർണത്തിന് വേണ്ടി നിരന്തരം ആവശ്യം ഉന്നയിക്കുകയും ചെയ്തു. ആതിരയെ ഒഴിവാക്കിയില്ലെങ്കിൽ 12 പവൻ സ്വർണം തിരിച്ചു കൊടുക്കേണ്ടി വരുമെന്ന് അഖിലിന് മനസ്സിലായി.

ഇതോടെ ആതിരയെ ഒഴിവാക്കാൻ അഖിൽ ആസൂത്രിതമായ കൊലയ്ക്കു പദ്ധതിയിട്ടു. ആതിരയോടു ഫോൺ വീട്ടിൽനിന്ന് എടുക്കേണ്ടെന്ന് പറഞ്ഞതും ഈ പദ്ധതിയുടെ ഭാഗമായാണ്. പൊലീസ് മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചാൽ വേഗം പിടിക്കപ്പെടുമെന്ന് മനസ്സിലാക്കിയായിരുന്നു ഇത്. അഖിലും ഫോൺ സ്വിച്ച് ഓഫ് ആക്കി വച്ചു. പക്ഷേ സിസിടിവി ക്യാമറയിൽ ആതിര കയറി പോകുന്ന ദൃശ്യങ്ങൾ കേസിൽ വഴിത്തിരിവായി. ആതിരയും അഖിലും വേറെ വിവാഹം കഴിച്ചു കുടുംബസമേതം ജീവിക്കുന്നവരാണ്. ഇരുവർക്കും മക്കളുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe