ഇ -ടെന്‍ഡറില്‍ ഉല്‍പാദകരെ നേരിട്ട്‌ പങ്കെടുപ്പിക്കാന്‍ സപ്ലൈകോ

news image
Dec 13, 2013, 4:33 pm IST payyolionline.in

കൊച്ചി: കേരളാ സ്‌റ്റേറ്റ്‌ സിവില്‍ സപ്ലൈസ്‌ കോര്‍പറേഷന്‍ ഇ -ടെന്‍ഡറില്‍ ഉല്‍പാദകരെ നേരിട്ട്‌ പങ്കെടുപ്പിക്കാന്‍ നടപടികള്‍ ആരംഭിച്ചതായി സപ്ലൈകോ അറിയിച്ചു. സംഘം ചേര്‍ന്ന്‌ സപ്ലൈകോയുടെ ടെന്‍ഡര്‍ നടപടികള്‍ പരാജയപ്പെടുത്താനും സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ ദുര്‍ബലപ്പെടുത്താനുമുള്ള ഏതാനും വിതരണക്കാരുടെ നീക്കങ്ങള്‍ തടയുന്നതിനാണിതെന്ന്‌ സപ്ലൈകോ അറിയിച്ചു. ഈ മാസം 10ന്‌ നടന്ന ഇ-ടെന്‍ഡര്‍ ഏതാനും വിതരണക്കാര്‍ ബഹിഷ്‌കരിച്ചെങ്കിലും 60 വിതരണക്കാര്‍ ഇ-ടെന്‍ഡറില്‍ പങ്കെടുത്തു.

ക്രിസ്‌മസ്‌ പുതുവത്സരവിപണിയിലേക്കുള്ള സാധനങ്ങള്‍ നവംബര്‍ 19ന്‌ നടന്ന ടെന്‍ഡറിലൂടെ സപ്ലൈകോ സംഭരിച്ചിരുന്നു. ക്രിസ്‌മസ്‌ വിപണനമേളയുടെ രണ്ടാംഘട്ടത്തിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള ഇ-ടെന്‍ഡര്‍ 17ന്‌ നടക്കും. സപ്ലൈകോ ആസ്‌ഥാനത്ത്‌ വിതരണക്കാരുടെ വിവിധ ആവശ്യങ്ങള്‍സംബന്ധിച്ച്‌ ചെയര്‍മാന്‍ ശ്യാം ജഗന്നാഥന്‍ ചര്‍ച്ച നടത്തി.

പൊതുവിതരണ ശൃംഖലയേയും വിപണി ഇടപെടല്‍ പ്രവര്‍ത്തനങ്ങളേയും തകര്‍ക്കാനുള്ള സമ്മര്‍ദങ്ങള്‍ അനുവദിക്കാനാവില്ലെന്നും ഇതിന്‌ ഉത്തരവാദികളായവരെ കരിമ്പട്ടികയില്‍പ്പെടുത്തുന്നത്‌ ഉള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും സപ്ലൈകോ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe