ഉത്തരാഖണ്ഡിലെ ഭൗമപ്രതിഭാസം  ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; സുപ്രീം കോടതിയിൽ ഹർജി

news image
Jan 7, 2023, 1:28 pm GMT+0000 payyolionline.in

ദില്ലി: ജോഷിമഠിലെ ഭൗമപ്രതിഭാസം  ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ശങ്കരാചാര്യ മഠത്തിലെ സ്വാമി അവിമുക് തേശ്വരാനന്ദ സരസ്വതിയാണ് ഹർജിക്കാരൻ. ദുരിതത്തിൽ കോടതി അടിയന്തരമായി ഇടപെടണമെന്ന് ആണ് ഹ‍ർജിയിലെ ആവശ്യം.

അതേസമയം ഭൗമപ്രതിഭാസത്തിൽ ദുരിതത്തിലായ ഉത്തരാഖണ്ഡിലെ ജോഷിമഠിലേക്ക് കേന്ദ്രം സംഘം ഉടനെത്തും. വിള്ളൽ വീണ് ഏത് നിമിഷവും നിലം പൊത്താവുന്ന അഞ്ഞൂറിലേറെ വീടുകളിൽ നിന്ന് ആളുകളെ  ഒഴിപ്പിക്കാനുള്ള കേന്ദ്ര ഇടപെടലിൽ സംസ്ഥാന സർക്കാർ നടപടി തുടങ്ങി കഴിഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ ജനരോഷം രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്രത്തിൻറെ ഇടപെടൽ.

വീടുകളിൽ വലിയ വിള്ളൽ, ഭൂമിക്കടിയിൽ നിന്ന്  പുറത്തേക്ക് ശക്തമായ നീരൊഴുക്ക്. ഒരു വർഷമായി ജീവനും കൈയിൽ പിടിച്ച് കഴിയുകയാണ് ജോഷിമഠിലെ മൂവായിരത്തിലേറെ ജനങ്ങൾ. അതി ശൈത്യത്തിൽ ഭൗമ പ്രതിഭാസത്തിൻറെ തീവ്രതയും കൂടി. പല വീടുകളും ഇതിനോടകം നിലംപൊത്തി, റോഡുകൾ വീണ്ടുകീറി. പ്രദേശമാകെ തീർത്തും ഒറ്റപ്പെട്ട സ്ഥിതി. സർക്കാരിൻറെ നിരുത്തരവാദത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ രാത്രിയും ജനം പ്രതിഷേധിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേർന്ന് ദുരന്ത നിവാരണ സേനയെ സ്ഥലത്ത് വിന്യസിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അപ്പോഴും ഒഴിപ്പിക്കൽ സംബന്ധിച്ച തീരുമാനത്തിൽ വ്യക്തത വന്നിരുന്നില്ല. ജനരോഷം മനസിലാക്കിയ കേന്ദ്രം അടിയന്തരമായി ഒഴിപ്പിക്കണമെന്ന് നിർദ്ദേശിച്ചു.എയർലിഫ്റ്റിംഗ് അടക്കമുള്ള സാധ്യത നിലവിൽ പരിശോധിക്കുകയാണ്. ഹെലികോപ്റ്ററുകൾ സജ്ജമാക്കാൻ സർക്കാർ ഒരുക്കങ്ങൾ തുടങ്ങി. അതിശൈത്യമായതിനാൽ കാലാവസ്ഥ കൂടി പരിഗണിക്കണം.

ദീർഘകാലാടിസ്ഥാനത്തിലുള്ള പുനരധിവാസത്തിന് രണ്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വാടക വീടുകളിലേക്ക് മാറുന്നവർക്ക് നാലായിരം രൂപ വീതം ആറ് മാസത്തേക്ക് നൽകും. വിചിത്ര പ്രതിഭാസത്തെ കുറിച്ച് പഠിക്കാൻ ആറംഗ സമിതിയെ കേന്ദ്രസർക്കാർ നിയോഗിച്ചു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, കേന്ദ്ര ജലക്കമ്മീഷൻ, പരിസ്ഥിതിമന്ത്രാലയ പ്രതിനിധികൾ ജോഷിമഠിലെത്തി സ്ഥിതിഗതികൾ വിലയിരുത്തും. മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe