ഉത്തേജക മരുന്ന് ഉപയോഗം, ഒരു ഇന്ത്യന്‍ താരം കൂടി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പുറത്ത്

news image
Jul 25, 2022, 9:09 pm IST payyolionline.in

ദില്ലി: കോമൺവെൽത്ത് ഗെയിംസ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യക്ക് നാണക്കേടായി വീണ്ടുമൊരു താരം കൂടി ഉത്തേജക മരുന്ന് പരിധോനയില്‍ പരാജയപ്പെട്ട് പുറത്തായി. ബര്‍മിങ്ഹാമിലെ കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജിലുള്ള 4*100 മീറ്റര്‍ വനിതാ റിലേ ടീം അംഗമാണ് നിരോധിത മരുന്ന് ഉപയോഗിച്ചതിനെത്തുടര്‍ന്ന് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

താരത്തിന്‍റെ പേരോ മറ്റ് വിവരങ്ങളോ അത്ലറ്റിക് ഫെഡറേഷന്‍ പുറത്തുവിട്ടിട്ടില്ല. ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ താരത്തെ നാട്ടിലേക്ക് തിരിച്ചയക്കുന്നതോടെ ഇന്ത്യയുടെ വനിതാ റിലേ ടീമില്‍ നാലു പേര്‍ മാത്രമാവും ബാക്കിയാകുക. ഗെയിംസിനിടെ ഏതെങ്കിലും താരത്തിന് പരിക്കേറ്റാല്‍ ഇന്ത്യയുടെ റിലേ പങ്കാളിത്തം തന്നെ അനിശ്ചിതത്വത്തിലാവും.

നേരത്തെ ശ്രബാനി നന്ദ, ഹിമ ദാസ്, ദ്യുതീ ചന്ദ്, എം വി ജില്‍ന, ധനലക്ഷ്മി, എന്‍ എസ് സിമി എന്നിവരെ റിലേ ടീം അംഗങ്ങളായി അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തെരഞ്ഞെടുത്തിരുന്നു. ഇതില്‍ മലയാളി താരം ജില്‍ന റിലേ ടീമില്‍ നിന്ന് പിന്മാറിയെങ്കിലും ധനലക്ഷ്മി ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടെ വീണ്ടും ടീമിലെത്തി. 100 മീറ്ററിലും 4×100 മീറ്റർ റിലേ ടീമിലും അംഗമായിരുന്നു ധനലക്ഷ്മി. ഹിമാ ദാസിനെയും ദ്യുതി ചന്ദിനേയും കഴിഞ്ഞ മാസം ധനലക്ഷ്‌മി പരാജയപ്പെടുത്തിയിരുന്നു.

നേരത്തെ ട്രിപ്പിള്‍ ജംപ് താരം ഐശ്വര്യ ബാബുവും ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. ജൂണിൽ ട്രിപ്പിൾജംപിൽ ദേശീയ റെക്കോർഡ് തിരുത്തിയ(14.14m) താരമാണ് ഐശ്വര്യ ബാബു. ലോംഗ്‌ജംപില്‍ 6.73 മീറ്റര്‍ ദുരം കണ്ടെത്തിയും അടുത്തിടെ ഐശ്വര്യ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ മാസം ഏഷ്യൻ ഗെയിംസ് റിലേ സ്വർണമെഡൽ ജേതാവ് എം.ആർ.പൂവമ്മയ്ക്ക് ഉത്തേജകമരുന്ന് ഉപയോഗത്തിന് മൂന്ന് മാസത്തെ വിലക്ക് ലഭിച്ചിരുന്നു.

പാരാ ഡിസക്സ് ത്രോ താരം അനീഷ് കുമാറിനെയും പാരാ ഭാരദ്വേഹക ഗീതയെയും നിരോധിത മരുന്ന് ഉപയോഗിച്ചതായി പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഗെയിംസില്‍ പങ്കെടുപ്പിക്കാതെ തിരിച്ചയച്ചിരുന്നു. എന്നാല്‍ രക്തസമ്മര്‍ദ്ദത്തിന് കഴിച്ച മരുന്നാണ് നിരോധിത മരുന്നായി പരിശോധനയില്‍ കണ്ടെത്തിയതെന്ന് അനീഷ് കുമാര്‍ പിന്നീട് പറഞ്ഞു.

ബര്‍മിങ്ഹാമില്‍ ഈ മാസം 28നാണ് കോമൺവെൽത്ത് ഗെയിംസ് തുടങ്ങുന്നത്. 72 രാജ്യങ്ങളില്‍ നിന്നുള്ള കായിക താരങ്ങള്‍ മാറ്റുരയ്‌ക്കും. 15 ഇനങ്ങളിലായി 215 കായികതാരങ്ങള്‍ ഇന്ത്യയിൽ നിന്ന് മത്സരിക്കും. 215 കായിക താരങ്ങളും ഒഫീഷ്യല്‍സും സപ്പോര്‍ട്ട് സ്റ്റാഫും അടക്കം 107 പേരും അടങ്ങുന്നതാണ് ഇന്ത്യയുടെ ജംബോ സംഘം. സോണി സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് ടെലിവിഷനിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലും മത്സരങ്ങള്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുക. സോണി സിക്‌സ്, സോണി ടെന്‍ 1, സോണി ടെന്‍ 2, സോണി ടെന്‍ 3, സോണി ടെന്‍ 4 ചാനലുകളില്‍ ഗെയിംസ് കാണാം.

ഒളിംപിക്സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര, പി വി സിന്ധു, മിരാഭായ് ചാനു, ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍, ബജ്റങ് പുനിയ, രവികുമാര്‍ ദഹിയ, മണിക ബത്ര, വിനേഷ് ഫോഗട്ട്, തജീന്ദര്‍പാല്‍ സിങ്, ഹിമ ദാസ്, അമിത് പങ്കാല്‍ എന്നിവരടങ്ങുന്നതാണ് ഇത്തവണത്തെ ഇന്ത്യന്‍ സംഘം. നീരജ് ചോപ്രയാണ് ഗെയിംസില്‍ ഇന്ത്യന്‍ പതാകയേന്തുക. 2018ല്‍ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ വേട്ടയില്‍ ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും പുറകില്‍ മൂന്നാമതായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe