ഉത്തർപ്രദേശിൽ വയൽ നിരത്തുന്നതിനിടെ ‘നിധി’ ലഭിച്ചു; വീട്ടിൽ ഒളിപ്പിച്ചപ്പോൾ പിന്നാലെ പൊലീസ് എത്തി

news image
Jun 25, 2022, 8:28 pm IST payyolionline.in

ലഖ്നോ: ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ വയ്യൽ നിരപ്പാക്കുന്നതിനിടെ കർഷകന് ലഭിച്ചത് 4000 വർഷം പഴക്കമുള്ള ലോഹങ്ങൾ. സ്വർണ്ണ നിധികളാണെന്ന് തെറ്റിദ്ധരിച്ച കർഷകൻ ഈ പുരാവസ്തുക്കൾ വീട്ടിൽ കൊണ്ടു പോയി ഒളിപ്പിച്ചു. എന്നാൽ വിവരമറിഞ്ഞ പൊലീസ്, കർഷകന്‍റെ വീട്ടിലെത്തി കണ്ടെടുത്ത സാധനങ്ങൾ കൈപറ്റി. തുടർന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ)യെ വിവരമറിയിച്ചു.

ഏകദേശം 4,000 വർഷം പഴക്കമുള്ള ചെമ്പ് വാളുകളും ഉറികളുമാണ് കൃഷിയിടത്തിൽ നിന്ന് ലഭിച്ചതെന്ന് എ.എസ്.ഐ അറിയിച്ചു. വയൽ നിരപ്പാക്കുന്നതിനിടെയാണ് കർഷകന് ഇവ ലഭിച്ചത്.

ആയുധങ്ങൾ 4,000 വർഷങ്ങൾക്ക് മുമ്പ് ചെമ്പു യുഗത്തിൽ നിന്നുള്ളതാണെന്ന് പുരാവസ്കു ഗവേഷകർ പറഞ്ഞു. മണ്ണിനടിയിൽ ഒളിപ്പിച്ചുവെച്ച ഈ ആയുധങ്ങൾ ചാൽകോലിത്തിക് കാലഘട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് കരുതുന്നതെന്ന് പുരാവസ്തുവകുപ്പ് ഡയറക്ടർ ഭുവൻ വിക്രം പറഞ്ഞു. ആ കാലഘട്ടത്തിൽ ചെമ്പ് കൂടുതൽ പ്രചാരണത്തിലുണ്ടായിരുന്നുവെന്നതിന്‍റെ തെളിവുകളാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ കാലഘട്ടത്തിൽ ആളുകൾ ഭൂമിക്കോ അവയുടെ അവകാശത്തിനോ വേണ്ടി യുദ്ധങ്ങളിൽ ഏർപ്പെട്ടിരിക്കാം എന്നതാണ് ആയുധങ്ങളുടെ സാന്നിധ്യം സൂചിപ്പിക്കുന്നതെന്നും പുരാവസ്കു ഗവേഷകർ പറഞ്ഞു. എന്നാൽ കർഷകന് എങ്ങനെയാണ് ആയുധങ്ങൾ ലഭിച്ചത് എന്നതിൽ പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്നും അവർ കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe