ഉദ്ഘാടനത്തിന് മുമ്പുള്ള വൈറ്റില മേല്‍പ്പാലം തുറക്കല്‍; നിപുണ്‍ ചെറിയാന് ജാമ്യം

news image
Jan 13, 2021, 8:10 pm IST

കൊച്ചി: എറണാകുളത്തെ വൈറ്റില മേല്‍പ്പാലം അനധികൃതമായി തുറന്നുകൊടുത്ത സംഭവത്തില്‍ വി ഫോര്‍ കേരള നേതാവ് നിപുണ്‍ ചെറിയാന് ജാമ്യം. എറണാകുളം സെഷന്‍സ് കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം. ആറാം തീയതി അറസ്റ്റിലായ ഏഴ് പ്രതികളില്‍ നിപുണ്‍ ഒഴികെ മറ്റ് ആറ് പേര്‍ക്കും നേരത്തെ എറണാകുളം സിജെഎം കോടതി ജാമ്യം അനുവദിച്ചിരുന്നു. പാലത്തിന്റെ ഉദ്ഘാടനത്തിന് മുമ്പേ ഒന്നാം പ്രതിക്ക് ജാമ്യം നല്‍കുന്നത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് നിപുണിന്റെ ജാമ്യാപേക്ഷ അന്ന് തള്ളിയത്.

തേവരയില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയാണ് നിപുണ്‍ ചെറിയാന്‍ വീണ്ടും മറ്റൊരു കുറ്റം ആവര്‍ത്തിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്റെ അന്നത്തെ പ്രധാന വാദം. കഴിഞ്ഞ ഡിസംബര്‍ 31ന് പാലം തുറന്ന് കൊടുക്കുന്നുവെന്ന ആഹ്വാനം വഴി വി ഫോര്‍ കേരള ക്യാംപെയ്ന്‍ കണ്‍ട്രോളറായ നിപുണ്‍ ചെറിയാന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സംഘം ചേരാന്‍ നിര്‍ബന്ധിച്ചെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചു. പൊതുമുതല്‍ നശിപ്പിക്കുക, സാമൂഹികമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തി ജനങ്ങളെ സംഘടിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഏഴ് പ്രതികള്‍ക്കെതിരെ മരട് പൊലീസ് കേസെടുത്തത്.

വൈറ്റില പാലം അനധികൃതമായി തുറന്നതിന് പിന്നില്‍ മാഫിയയാണ് എന്നായിരുന്നു പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അന്ന് പ്രതികരിച്ചത്. പിന്നീട് പാലത്തിന്റെ ഉദ്ഘാടന ദിവസം അദ്ദേഹം വി ഫോണ്‍ കേരളക്കെതിരെ കൂടുതല്‍ ആഞ്ഞടിച്ചു. ആരോപണം ഉന്നയിക്കുന്നവര്‍ വല്ലവരുടെയും ചെലവില്‍ പ്രശസ്തി പിടിച്ചു പറ്റാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി വിമര്‍ശിച്ചു. വൈറ്റില പാലം തുറക്കാന്‍ കാലതാമസം ഉണ്ടായില്ല. നിര്‍മാണത്തിന്റെ തുടക്കം മുതല്‍ ചിലര്‍ പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിച്ചു. അതിന് ശ്രമിച്ച ഒരു ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്യേണ്ടി വന്നു. കൊവിഡിനെയും പ്രളയത്തെയും അതിജീവിച്ചാണ് പണി നടന്നത്.

ഗുണപരിശോധന നടത്തിയാണ് പാലം നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നാല് പേര് അര്‍ധരാത്രി കാണിക്കുന്ന കോമാളികളിയല്ല ഇത്. ഏത് ഗവണ്‍മെന്റിന്റെ കാലത്തായാലും വി ഫോര്‍ കൊച്ചി ചെയ്തത് പോലെ ചെയ്യരുത്. മെട്രോ വരുമ്പോള്‍ മേല്‍പ്പാലത്തില്‍ തട്ടുമെന്ന് വരെ പറഞ്ഞവരുണ്ട്. അത് പറഞ്ഞവരാണ് കൊഞ്ഞാണന്‍മാര്‍. മുഖമില്ലാത്ത ധാര്‍മികയില്ലാത്ത ധൈര്യമില്ലാത്തവരാണവര്‍. അവരെ അറസ്റ്റ് ചെയ്താല്‍ ഞങ്ങളല്ല അത് ചെയ്തതെന്ന് പറയും. കൊച്ചിയില്‍ മാത്രമുള്ള പ്രൊഫഷണല്‍ ക്രിമിനല്‍ മാഫിയയാണ് അവര്‍. ജനങ്ങളുടെ തലയ്ക്കുമുകളിലാടെ പറക്കാനാണ് അവരുടെ ശ്രമമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കൊച്ചി നഗരത്തിലെ ഗതാഗഗതക്കുരുക്ക് അഴിക്കുന്നതിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ഈ കോലാഹലങ്ങള്‍ക്കെല്ലാം ശേഷം ജനുവരി ഒമ്പതിനാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്. നാട്ടിലെ സ്വപ്നപദ്ധതികള്‍ പൂര്‍ത്തിയാകുന്നതില്‍ അഭിമാനമെന്ന് പറഞ്ഞ മുഖ്യമന്ത്രി വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുമ്പ് തുറന്നുകൊടുത്ത വി 4 കേരളയ്ക്കും അതിനെ അനുകൂലിച്ച ജസ്റ്റിസ് കെമാല്‍ പാഷയ്ക്കും എതിരെ രൂക്ഷവിമര്‍ശനവും ഉന്നയിച്ചു. കുണ്ടന്നൂര്‍ മേല്‍പ്പാലം പ്രതീക്ഷിച്ചതിലും കുറഞ്ഞ ചെലവില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഏറെ സന്തോഷത്തോടെയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.എന്നാല്‍, നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സിപിഎമ്മിനെതിരെ വി ഫോര്‍ കേരള രംഗത്ത് വന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനില്‍ നിര്‍ണായക ശക്തി തെളിയിച്ച തങ്ങളെ ഇല്ലാതാക്കാനുള്ള സിപിഎം നീക്കത്തിന്റെ ഭാഗമാണ് അറസ്റ്റെന്നായിരുന്നു വി ഫോര്‍ കേരളയുടെ ആരോപണം. ഇതിന്റെ ഉദാഹരമാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തങ്ങള്‍ക്കെതിരെ രംഗത്തെത്തിയതെന്നും ഇവര്‍ പറയുന്നു.

ഉദ്ഘാടനത്തിന് മുന്‍പെ പാലം തുറന്ന് കൊടുത്തതിന് സാമൂഹ്യ മാധ്യമങ്ങളില്‍ പിന്തുണ ലഭിച്ചതും രാഷ്ട്രീയക്കാരുടെ അതൃപ്തിക്ക് കാരണമായി. കിഴക്കമ്പലത്ത് ട്വന്റി ട്വന്റി നേടിയത് പോലെ കൊച്ചി നഗരസഭയിലും ഭരണത്തിലെത്തുകയായിരുന്നു വി ഫോര്‍ കേരളയുടെ ലക്ഷ്യം. ഇതിന് തടയിടാനാണ് സിപിഎം നീക്കമെന്നും ഇവര്‍ ആരോപിക്കുന്നു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe