‘എംഎം മണി മാപ്പ് പറയണം’:ഇടുക്കിയില്‍ പ്രതിഷേധത്തിനൊരുങ്ങി ഉദ്യോഗസ്ഥരുടെ സംഘടന

news image
Oct 3, 2023, 9:25 am GMT+0000 payyolionline.in

ഇടുക്കി:എംഎല്‍എ എംഎം മണിയുടെ പ്രസ്താവനയില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍. നാളെയാണ് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കേരള അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍സ് അസോസിയേഷന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. താലൂക്ക് കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണയും നടത്താനാണ് അസോസിയേഷന്‍ തീരുമാനം. പരാമര്‍ശത്തില്‍ എംഎം മണി മാപ്പ് പറയണമെന്നും ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാന്‍ അനുവദിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

 

 

എംഎം മണിക്കെതിരെ ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ ഡിജിപിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരെയും കുടുംബാംഗങ്ങളെയും അപമാനിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പരാമര്‍ശം എംഎല്‍എ എന്ന പദവി ദുരുപയോഗം ചെയ്യലാണ്. ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും പരാതിയില്‍ പറയുന്നു.

 

 

കഴിഞ്ഞദിവസമാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സ്ത്രീവിരുദ്ധവും പ്രകോപനപരവുമായ പരാമര്‍ശങ്ങളുമായി എംഎം മണി രംഗത്തെത്തിയത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ രാഷ്ട്രീയം എടുത്താല്‍ ഞങ്ങളും രാഷ്ട്രീയം എടുക്കും. പിന്നെ നീയൊന്നും ഇവിടെ ജീവിക്കുകയില്ല. അമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുത്ത് കാശുണ്ടാക്കി സര്‍ക്കാരിന് നല്‍കാന്‍ ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. കേസ് എടുത്തിട്ട് എല്ലാം സര്‍ക്കാരിന് പണം ഉണ്ടാക്കാന്‍ ആണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ നിയമത്തിന്റെ വഴിക്ക് നടന്നില്ലെങ്കില്‍ കൈകാര്യം ചെയ്യും. അത് പൊലീസും, ആര്‍ടിഒയും, കലക്ടറുമായാലുമെന്ന് എംഎം മണി പറഞ്ഞിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe