എക്സൈസ് ആ പ്രമുഖ നടന്റെ കാർ പരിശോധിച്ചിരുന്നെങ്കിൽ മലയാള സിനിമ തീർന്നേനെ: ബാബുരാജ്

news image
May 4, 2023, 3:00 pm GMT+0000 payyolionline.in

ഷെയിൻ നി​ഗം, ശ്രീനാഥ് ഭാസി എന്നിവരെ സിനിമാ സംഘടനകൾ വിലയിക്കിയത് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോ​ഗങ്ങളെ കുറിച്ചുളള ചർച്ചകളും സജീവമാണ്. സിനിമയുടെ അണിയറയിൽ പ്രവർത്തിക്കുന്ന നിരവധി പേരാണ് വിഷയത്തിൽ പ്രതികരണങ്ങളുമായി രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ സിനിമയിൽ ലഹരി ഉപയോഗം വർധിച്ചു വരികയാണെന്നും ലഹരി ഉപയോഗിക്കുന്നവരുടെ കൃത്യമായ ലിസ്റ്റ് സിനിമാ സംഘടനകളുടേയും പൊലീസിന്റെയും പക്കലുണ്ടെന്ന് പറയുകയാണ് നടൻ ബാബുരാജ്. സിനിമാ രംഗത്തു മാത്രമല്ല എവിടെയും ഇപ്പോൾ ലഹരി നിറയുകയാണെന്നും ബാബുരാജ് പറഞ്ഞു.

“അമ്മയുടെ ഓഫീസിൽ ലഹരി ഉപയോ​ഗിക്കുന്ന താരങ്ങളുടെ ലിസ്റ്റുണ്ട്. ഓരോരുത്തരും പിടിക്കപ്പെട്ട് ചോദ്യം ചെയ്യുമ്പോൾ പറയുന്നത് ഞാനിന്ന ആൾക്ക് വേണ്ടി കൊണ്ട് പോവുകയാണെന്നാണ്. ഒരു പ്രാവശ്യം എക്സസൈസ്കാർ ചെയ്സ് ചെയ്തെത്തിയത് വലിയൊരു നടന്റെ വണ്ടിക്ക് പിറകെയാണ്. ആ വണ്ടി നിർത്തി തുറന്നിരുന്നെങ്കിൽ മലയാളം ഇൻഡസ്ട്രി അന്ന് തീരും. ന​ഗ്നമായ സത്യങ്ങളാണതൊക്കെ. ആ ഉദ്യോ​ഗസ്ഥൻ ചെയ്യുന്ന ജോലി വെറുതെയായാലോ എന്നു കരുതിയിട്ടാവാം അതെല്ലാം അവിടെവച്ച് നിന്നത്. പണ്ടൊക്കെ കുറച്ച് രഹസ്യമായാണ് ഇതൊക്കെ ചെയ്തു കൊണ്ടിരുന്നത്. ഒരു മറ ഉണ്ടായിരുന്നു. ഇപ്പോൾ ആ മറ മാറി, പരസ്യമായി ചെയ്യാൻ തുടങ്ങി. അമ്മ സംഘടനയിൽ ആരൊക്കെ ഉപയോ​ഗിക്കുന്നു എന്ന മുഴുവൻ ലിസ്റ്റുമുണ്ട്. വ്യക്തികൾക്ക് എന്തും ചെയ്യാം. നിങ്ങൾ നിങ്ങളുടെ ജോലി സ്ഥലത്ത് ഉപയോ​ഗിക്കുമ്പോഴാണ് പ്രശ്നം. ജോലി കഴിഞ്ഞ് പോയി ഇഷ്ടമുള്ളത് ചെയ്യാം. നമുക്ക് നിമയവിരുദ്ധമായ പല കാര്യങ്ങളും പല രാജ്യങ്ങളിലും ലീ​ഗൽ ആണ്. ജോലിക്ക് വിളിക്കുമ്പോൾ ഫോണെടുക്കൂ. ഇതാണ് നിർമാതാക്കൾ പറഞ്ഞത്”, എന്ന് ബാബുരാജ് പറഞ്ഞു.

മൂവി വേൾഡ് മീഡിയ എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു ബാബുരാജിന്‍റെ പ്രതികരണം. ഏപ്രിൽ 25ന് ആയിരുന്നു ഷെയിൻ നി​ഗത്തെയും ശ്രീനാഥ് ഭാസിയെയും സിനിമാ സംഘടനകൾ വിലക്കിയത്. പിന്നാലെ താര സംഘടനയായ അമ്മയിൽ അംഗത്വം നേടാൻ ശ്രീനാഥ് ഭാസി അപേക്ഷ നൽകിയിട്ടുണ്ട്. കലൂരിൽ അമ്മയുടെ ആസ്ഥാനത്ത് എത്തിയാണ് ശ്രീനാഥ് ഭാസി അപേക്ഷ നൽകിയത്. ഷെയിന്‍ ആദ്യമെ തന്നെ സംഘടനയില്‍ അംഗമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe