ന്യൂഡല്‍ഹി: ഇന്ധന വില്‍പ്പനയിലെ നഷ്ടം നികത്താന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 17,772 കോടി രൂപ അനുവദിച്ചു. സെപ്റ്റംബര്‍ ക്വാര്ട്ടറിലേക്കാണിത്. വില്‍പ്പന വരുമാന നഷ്ടത്തിന്റെ പകുതിയാണു സര്‍ക്കാര്‍ നല്‍കുന്നത്. ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം കമ്പനികള്‍ക്കായി കഴിഞ്ഞ ദിവസം 8,772 കോടി രൂപ അനുവദിച്ചിരുന്നു. ഇന്നലെ 9,000 കോടി കൂടി അനുവദിക്കുകയായിരുന്നു.
ജൂലൈ-സെപ്റ്റംബര്‍ ക്വാര്‍ട്ടറില്‍ ഡീസല്‍, മണ്ണെണ്ണ, പാചകവാതകം എന്നിവ സബ്സിഡി നിരക്കില്‍ വിറ്റതിലൂടെ 35,328 കോടി രൂപ വരുമാന നഷ്ടം എന്നാണ് കമ്പനികള്‍ പറയുന്നത്. ഇതില്‍ 16,729.74 കോടി രൂപ എണ്ണ ഉത്പാദന കമ്പനികള്‍ നല്‍കിയിരുന്നു.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സെപ്റ്റംബര്‍ ക്വാര്‍ട്ടര്‍ ഫലം ഇന്ന് പ്രഖ്യാപിക്കാനിരിക്കുകയാണ്. മറ്റു രണ്ടു വിതരണ കമ്പനികളുടേത് അടുത്ത ആഴ്ചയും. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നത്. ഇതോടെ കമ്പനികള്‍ക്ക് ലാഭം കാണിക്കാനാവുമെന്നു കരുതുന്നു.