എപിപി അനീഷ്യയുടെ ആത്മഹത്യ: സിബിഐ അന്വേഷിക്കണമെന്ന് കുടുംബം; ഗവര്‍ണറെ കണ്ട് മാതാപിതാക്കൾ

news image
May 18, 2024, 4:03 am GMT+0000 payyolionline.in

തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കൾ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. ഇപ്പോഴത്തെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും പ്രതികളെ സംരക്ഷിക്കാനാണ് ശ്രമമെന്നും അനീഷ്യയുടെ അമ്മ പ്രസന്ന കുറ്റപ്പെടുത്തി. കുടുംബത്തിൻെറ ആവശ്യം പരിഗണിക്കുമെന്ന് ഗവർണർ അറിയിച്ചതായി അനീഷ്യയുടെ മാതാപിതാക്കൾ പറഞ്ഞു.

തൊഴിലിടത്തുണ്ടായ പീഡനത്തെ തുടർന്നാണ് അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യ ആത്മഹത്യ ചെ്തതെന്നാണ് ക്രൈം ബ്രാഞ്ച് കേസ്. ആത്മഹത്യ പ്രേരണക്ക് പ്രതിചേർത്ത ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അബ്ദുള്‍ ജലീലിനെയും എപിസി ശ്യാം കൃഷ്ണനെയും അറസ്റ്റ് ചെയ്തെങ്കിലും ജാമ്യം നൽകിയിരുന്നു. തനിക്ക് നേരെയുണ്ടായ മാനസിക പീഡനങ്ങളെ കുറിച്ച് 19 പേജുള്ള ആത്മഹത്യാ കുറിപ്പിൽ അനീഷ്യ എഴുതിയിരുന്നു. സുഹൃത്തുക്കള്‍ക്ക് ശബ്ദ സന്ദേശവും അയച്ചിരുന്നു.

തെളിവുകളുണ്ടായിട്ടും മറ്റ് പ്രതികളിലേക്ക് അന്വേഷണം പോവുകയോ, ഇപ്പോള്‍ പ്രതിചേർത്തിവർക്കെതിരെ തെളിവുകള്‍ ശേഖരിക്കുകയോ ചെയ്യുന്നില്ലെന്നാണ് രക്ഷിതാക്കളുടെ ആരോപണം ഈ സാഹചര്യത്തിൽ അന്വേഷണം സിബിഐക്ക് കൈമാറാൻ ഇടപെടണമെന്നാണ് ഗവർണറെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടത്. അനീഷ്യയുടെ മരണ ശേഷവും മകള്‍ക്കെതിരെ കുറ്റക്കാർ തെറ്റായ പ്രചരണം നടത്തുന്നുവെന്നും കുടുംബം പറയുന്നു. വ്യാജ രേഖകളുണ്ടാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് പ്രതികളെന്ന് ജസ്റ്റിസ് ഫോർ അനീഷ്യ ആക്ഷൻ കൗണ്‍സിലും ആരോപിക്കുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെയും രക്ഷിതാക്കള്‍ സമീപിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe