എലത്തൂർ ട്രെയിൻ ആക്രമണക്കേസ്: ഐജി പി വിജയന് സസ്പെൻഷൻ

news image
May 18, 2023, 4:18 pm GMT+0000 payyolionline.in

കോഴിക്കോട്: എലത്തൂർ ട്രെയിൻ ആക്രമണ കേസിന്റെ അന്വേഷണ ചുമതലയിലുണ്ടായിരുന്ന എടിഎസ് സ്ക്വാഡിന്റെ തലവൻ ഐജി പി വിജയനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. എലത്തൂർ ട്രെയിൻ ആക്രമണ കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫിയെ മുംബൈയിൽ നിന്ന് കൊണ്ടുവന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുവെന്ന കാരണത്തിലാണ് സസ്പെൻഷൻ. അന്വേഷണവുമായി ബന്ധമില്ലാത്ത ഐജി പി വിജയൻ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതിനെതിരെ എഡിജിപി എംആർ അജിത് കുമാറാണ് റിപ്പോർട്ട് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ ഉത്തരവ് നൽകിയത്.

റിപ്പോർട്ടിന് മേലുള്ള തുടരന്വേഷണം എഡിജിപി പത്മകുമാർ നടത്തും. എലത്തൂർ ട്രെയിൻ ആക്രമണ കേസ് തുടക്കത്തിൽ അന്വേഷിച്ചത് കേരളാ പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡായിരുന്നു. ഇതിന്റെ ചുമതലയിൽ ഐജി പി വിജയനായിരുന്നു. കേസന്വേഷണം എൻഐഎ ഏറ്റെടുത്തതിന് പിന്നാലെ അദ്ദേഹത്തെ ചുമതലയിൽ നിന്ന് നീക്കിയിരുന്നു. ആ സമയത്ത് പൊതുമേഖലാ സ്ഥാപനമായ കേരളാ ബുക്സ് ആന്റ് പബ്ലിക്കേഷൻസിന്റെ എംഡിയുമായിരുന്നു ഐജി പി വിജയൻ. ഈ ചുമതലയിൽ നിന്നും അദ്ദേഹത്തെ നീക്കിയിരുന്നു. സംസ്ഥാന പൊലീസ് സേനയിലെ ആഭ്യന്തര തർക്കമാണ് മാറ്റത്തിന് കാരണമെന്നാണ് അന്ന് പുറത്തുവന്ന സൂചനകൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe