എലത്തൂർ ട്രെയിൻ തീവയ്പ് കേസ്: മൊഴികൾ ആവർത്തിച്ച് ഷാറൂഖ്; വ്യക്തത തേടി എൻഐഎ

news image
May 4, 2023, 4:30 am GMT+0000 payyolionline.in

കൊച്ചി: എലത്തൂർ ട്രെയിൻ തീവയ്പു കേസിലെ പ്രതി ഷാറുഖ് സെയ്ഫി ചോദ്യം ചെയ്യലിന്റെ രണ്ടാം ദിവസവും അന്വേഷണത്തോടു പൂർണമായി സഹകരിച്ചില്ല. ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിൽ കേരള പൊലീസിനു നൽകിയ മൊഴികൾ തന്നെയാണു ഷാറുഖ് സെയ്ഫി ആവർത്തിക്കുന്നത്.ഷാറുഖിനു തീവ്രവാദ സംഘടനകളുമായി നേരിട്ടു ബന്ധമുണ്ടോ, ട്രെയിനിൽ പെട്രോൾ ഒഴിച്ചു തീവച്ച നടപടി പരാജയപ്പെട്ട ചാവേർ ആക്രമണത്തിന്റെ ഭാഗമാണോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനാണ് എൻഐഎ ശ്രമിക്കുന്നത്. ഷാറുഖിന്റെ മാനസികാരോഗ്യ നിലയും ആരോഗ്യവിദഗ്ധരുടെ സഹായത്തോടെ പരിശോധിക്കുന്നുണ്ട്.

കേരള പൊലീസിനു നൽകിയ മൊഴികൾ വള്ളിപുള്ളി വിടാതെ ആവർത്തിക്കുന്നതിൽ എൻഐഎക്കു സംശയമുണ്ട്. അന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യലുകളെ നേരിടാനും പറയുന്ന മൊഴികൾ വിചാരണഘട്ടത്തിൽ അതേപടി ആവർത്തിക്കാനുമുള്ള പരിശീലനം നൽകുന്നതു ഭീകരസംഘടനകളുടെ രീതിയാണ്. ഇത്തരത്തിലുള്ള പരിശീലനം ഷാറുഖിനു ലഭിച്ചിട്ടുണ്ടോയെന്നു രണ്ടു ദിവസത്തെ ചോദ്യംചെയ്യലിൽ തന്നെ വ്യക്തമാവും. എലത്തൂർ ട്രെയിൻ തീവയ്പ് ഒറ്റപ്പെട്ട സംഭവമല്ലെന്നു ബോധ്യപ്പെട്ടാൽ ഫൊറൻസിക് വിദഗ്ധരുടെ സഹകരണത്തോടെയാവും ഷാറുഖിന്റെ രണ്ടാംഘട്ട ചോദ്യം ചെയ്യൽ. അതിനായി എൻഐഎയുടെ ചോദ്യം ചെയ്യൽ വിദഗ്ധർ ന്യൂഡൽഹിയിൽ നിന്നെത്തും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe