എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ്: ഷാരൂഖ് സെയ്ഫിയെ എൻഐഎ ഷൊർണൂരിലെത്തിച്ച് തെളിവെടുത്തു

news image
May 6, 2023, 9:38 am GMT+0000 payyolionline.in

പാലക്കാട്: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയെ കേസന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസി സംഘം ഷൊർണൂരിൽ തെളിവെടുപ്പിനെത്തിച്ചു. പെട്രോൾ പമ്പിലും റെയിൽവെ സ്റ്റേഷനിലും അടക്കം പ്രതിയുമായി എൻഐഎ സംഘം തെളിവെടുപ്പ് നടത്തി. കേസന്വേഷണം എൻഐഎ ഏറ്റെടുത്ത ശേഷം ആദ്യമായാണ് പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്.

ഏഴു ദിവസത്തേക്കാണ് കൊച്ചിയിലെ എൻഐഎ കോടതി ഷാരൂഖ് സെയ്‌ഫിയെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. ഇന്ന് നാലാം ദിവസമാണ് ഷാരൂഖ് സെയ്ഫി കസ്റ്റിയിലുള്ളത്. എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടോ, ഷാറൂഖ് സെയ്ഫിക്ക് കൂടുതൽ പേരുടെ സഹായം കിട്ടിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുന്നത്.

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തത് കഴിഞ്ഞ ഏപ്രിൽ 18 നായിരുന്നു. കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കിയതിന് പിന്നാലെ എൻഐഎ കൊച്ചി യൂണിറ്റ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. മൂന്നു പേരുടെ മരണത്തിനും 9 പേർക്ക് ഗുരുതരമായി പരിക്കേൽക്കാനും ഇടയായ ട്രെയിൻ തീവയ്പ് കേസിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടതോടെയാണ് കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയത്.

കേസിൽ പ്രതിക്കെതിരെ യുഎപിഎ നിയമം അടക്കം കുറ്റം ചുത്തി കേസെടുത്തിരുന്നു. ആക്രമണം നടത്തിയ ഷാരൂഖ് സെയ്ഫി മാത്രമാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. പിന്നിൽ മറ്റാരെങ്കിലുമുണ്ടോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇയാള്‍ക്ക് പിന്നിൽ ഏതെങ്കിലും സംഘടനയുടെയും വ്യക്തികളുടെയോ സ്വാധീനമുണ്ടോ, അന്തർസംസ്ഥാന ഗൂഢാലോചന നടന്നോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe