എലിസബത്ത് രാജ്ഞിയുടെ ചെങ്കോലിലെ വിലപ്പെട്ട വജ്രം തിരികെ വേണമെന്ന് ദക്ഷിണാഫ്രിക്ക

news image
Sep 20, 2022, 6:20 am GMT+0000 payyolionline.in

എലിസബത്ത് രാജ്ഞിയുടെ ചെങ്കോലിൽ പതിപ്പിച്ചിരിക്കുന്ന വിലപ്പെട്ട വജ്രം തിരികെ വേണമെന്ന് ആവശ്യവുമായി ദക്ഷിണാഫ്രിക്ക. ബ്രിട്ടനെ ഇക്കാര്യം ദക്ഷിണാഫ്രിക്ക ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. ചെങ്കോലിൽ പതിപ്പിച്ചിരിക്കുന്ന ‘ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക’യാണ് തിരികെ വേണമെന്ന് ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിപ്പം ഏറിയ ക്ലിയര്‍ കട്ട് ഡയമണ്ട് ആണ് ഇത്. ‘കള്ളിനൻ 1’ എന്നും ഇത് അറിയപ്പെടുന്നു.

 

എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ രാജകിരീടം അലങ്കരിക്കുന്ന വിലപിടിപ്പുള്ള വിവിധ വജ്രങ്ങൾ തിരികെ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കയും തങ്ങളുടെ ആവശ്യം ഉന്നയിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

ആഫ്രിക്കയിലെ കോളനി ഭരണകാലത്താണ് ‘ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക’ ബ്രിട്ടന് കൈമാറിയത്. കൈമാറ്റം ചെയ്യപ്പെട്ടതിനു ശേഷം ഇതാദ്യമാണ് ഇത്തരത്തിൽ ഒരു അവകാശവാദവുമായി ദക്ഷിണാഫ്രിക്ക മുന്നോട്ടുവരുന്നത്. തങ്ങളുടെയും മറ്റു രാജ്യങ്ങളുടെയും കഷ്ടപ്പാടിന്റെ ഫലം ഇപ്പോഴും ബ്രിട്ടൻ അനുഭവിച്ചുകൊണ്ടിരിക്കുന്നത് അനുവദിച്ചു കൊടുക്കാൻ സാധിക്കില്ലെന്ന് ദക്ഷിണാഫ്രിക്കൻ സാമൂഹ്യ പ്രവർത്തകനായ സബേല പറഞ്ഞു. വജ്രം എത്രയും പെട്ടെന്ന് രാജ്യത്തേക്ക് തിരികെ കൊണ്ടുവരണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാനമായ അഭിപ്രായങ്ങളുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

 

1905 കാലഘട്ടത്തിലാണ് ‘ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക’ രൂപപ്പെടുത്തിയെടുത്തത്. ആ കാലഘട്ടത്തിൽ ഖനനം ചെയ്തെടുത്ത ഒരു വലിയ വജ്രക്കല്ലിൽ നിന്നാണ് ഇത് കൊത്തിയെടുത്തത്. 530 കാരറ്റ് രത്നമാണ് ഇത്. 400 മില്യൺ ഡോളറാണ് ഇതിൻറെ വിലയായി കണക്കാക്കപ്പെടുന്നത്. അതായത് ഇന്ത്യൻ രൂപയിൽ 31,83,28,00,000. കണ്ടിട്ട് കണ്ണു തള്ളി പോകുന്നുണ്ട് അല്ലേ. ഇത്തരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്ന് കൈവശപ്പെടുത്തിയ അമൂല്യങ്ങളായ നിരവധിരത്നങ്ങളാണ് രാജകീയ കിരീടത്തിലും ചെങ്കോലിലും ഒക്കെയായി പതിപ്പിച്ചിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe