എൻഡിഎയിൽ സമ്മര്‍ദ്ദം ചെലുത്തി ജെഡിയുവും ടിഡിപിയുമടക്കം കക്ഷികൾ; സ്പീക്കര്‍, മന്ത്രി സ്ഥാനങ്ങൾ ചോദിച്ചു

news image
Jun 6, 2024, 3:59 am GMT+0000 payyolionline.in
ദില്ലി: സര്‍ക്കാര്‍ രൂപീകരണ നീക്കവുമായി മുന്നോട്ട് പോകുന്ന എൻഡിഎയിൽ സമ്മര്‍ദ്ദം ശക്തമാക്കി ജെഡിയുവും ടിഡിപിയും അടക്കം കക്ഷികൾ. പൊതുമിനിമം പരിപാടി വേണമെന്ന് ആവശ്യപ്പെട്ട ജെഡിയു, ജാതി സെൻസസ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ടിഡിപിയും തങ്ങളുടെ ആവശ്യങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ട്. മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച നടത്താനാണ് ബിജെപി നീക്കം. ബിജെപി എംപിമാരുടെ യോ​ഗം ഇന്ന് ദില്ലിയിൽ ചേരും. പ്രധാന സഖ്യകക്ഷികളായ ടിഡിപിയുമായും ജെഡിയുവുമായും നേതാക്കൾ ചർച്ച തുടങ്ങി.

ഓരോ പാർട്ടികളും മുന്നണിയിൽ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. പൊതു മിനിമം പരിപാടി ആവശ്യപ്പെട്ട ജെഡിയു ജാതി സെൻസസ് ഇതിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ടു. മൂന്ന് പ്രധാന മന്ത്രാലയങ്ങളിൽ ജെഡിയു താത്പര്യം അറിയിച്ചിട്ടുണ്ട്. ടിഡിപി ലോക്സഭ സ്പീക്കർ പദവിയും ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി എന്നിവയ്ക്കൊപ്പം മൂന്ന് ക്യാബിനറ്റ് മന്ത്രിസ്ഥാനവും ചോദിക്കും. ധനകാര്യ സഹമന്ത്രി സ്ഥാനവും ചോദിക്കുമെന്നാണ് വിവരം.

എൽജെപിയുടെ ചിരാഗ് പാസ്വാൻ ഒരു ക്യാബിനറ്റ് പദവിയും ഒരു സഹമന്ത്രി സ്ഥാനവും ലക്ഷ്യമിടുന്നുണ്ട്. ശിവസേന ഷിൻഡെ വിഭാഗം ഒരു ക്യാബിനറ്റ് പദവിയും രണ്ട് സഹമന്ത്രിമാരെയും ആവശ്യപ്പെട്ടിട്ടുണ്ട്. ജിതൻ റാം മാഞ്ചി ഒരു ക്യാബിനറ്റ് പദവി ആവശ്യപ്പെടും. അതേസമയം സർക്കാർ രൂപീകരണത്തിന് ശ്രമം തുടരണമെന്നാണ് ഇന്ത്യ സഖ്യത്തിൽ തൃണമൂൽ കോൺഗ്രസ് നിലപാടെടുത്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe