കാസർകോട്: എ.ഐ കാമറ വിവാദത്തിൽ സംസ്ഥാന സർക്കാറിനെതിരായ ആരോപണങ്ങൾ കടുപ്പിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെൽട്രോൺ പ്രധാന രേഖകൾ മറച്ചുവെച്ചെന്ന് ചെന്നിത്തല ആരോപിച്ചു. സംസ്ഥാന സർക്കാർ ഒളിച്ചുവെച്ചെന്ന് പറയപ്പെടുന്ന രേഖകൾ ചെന്നിത്തല പുറത്തുവിട്ടു.
ഏതൊരു പദ്ധതിക്ക് ശേഷവും അതിന്‍റെ രേഖകൾ പരസ്യപ്പെടുത്തണം. എന്നാൽ, മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ഒളിച്ചുകളി തുടരുകയാണ്. ടെൻഡറിൽ പങ്കെടുത്ത അക്ഷര എന്‍റർപ്രൈസസിന് ആറു വർഷത്തെ പ്രവർത്തി പരിചയം മാത്രമാണുള്ളതെന്നും അക്ഷരയെ എങ്ങനെ ടെൻഡറിൽ ഉൾപ്പെടുത്തിയതെന്നും ചെന്നിത്തല ചോദിച്ചു. പ്രസാഡിയോക്ക് ഉന്നത രാഷ്ട്രീയ ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കാമറ വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളിക്കളയാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. കെൽട്രോൺ പുറത്തുവിട്ട രേഖകൾ ക്രമക്കേട് തെളിയിക്കുന്നതാണ്. രണ്ട് ദിവസം മുമ്പാണ് രേഖകൾ പലതും വെബ് സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. പ്രതിപക്ഷം പുകമുറ സൃഷ്ടിക്കുന്നുവെന്ന് പറഞ്ഞ് സർക്കാറിന് രക്ഷപ്പെടാൻ സാധിക്കില്ലെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.