എ ടി അഷ്റഫ് സ്മാരക റെഡ്ക്രോസ് അവാര്‍ഡ് ബിജു കക്കയത്തിന്

news image
Apr 17, 2021, 4:55 pm IST

കൊയിലാണ്ടി :  മുതിര്‍ന്ന റെഡ്ക്രോസ് പ്രവര്‍ത്തകനും ഫയര്‍ ആന്‍ഡ് റസ്ക്യൂ ചീഫ്  വാര്‍ഡനും ഹാം റേഡിയോ ഓപ്പറേറ്ററും ദുരന്ത നിവാരണ പ്രവര്‍ത്തകനുമായ എ ടി അഷ്റഫ് കാപ്പാടിന്റെ സ്മരണയില്‍ ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക്  മാനേജിങ് കമ്മിറ്റി ഏര്‍പ്പെടുത്തിയ  പ്രഥമ അവാര്‍ഡിന് കൂരാച്ചുണ്ട് അമീന്‍ റസ്ക്യൂവളണ്ടിയറും ബോയ്സ് സ്കൌട്ട് ഇന്ത്യ പ്രവര്‍ത്തകനുമായ ബിജു കക്കയം അര്‍ഹനായി.

ദുരന്ത നിവാരണ ആരോഗ്യ സാമൂഹ്യ സേവന രംഗങ്ങളില്‍ നല്കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് അയ്യായിരത്തിഒന്ന് രൂപയും പ്രശസ്തിപത്രവും     മെ മന്‍റോയും  അടങ്ങിയ അവാര്‍ഡ് അന്താരാഷ്ട്ര റെഡ് ക്രോസ് ദിനമായ മെയ് 8 ന് എ ടി അഷ്റഫിന്റെ ജന്മസ്ഥലമായ കാപ്പാട് വെച്ച് സമ്മാനിക്കും. സി ബൈജു ,സി ബാലന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.

2018 ലെയും 2019 ലെയും പ്രളയങ്ങള്‍, കരിഞ്ചോല, കുത്തുമല എന്നീ ഉരുള്‍പൊട്ടലുകള്‍ എന്നിവയില്‍ ജീവന്‍ തൃണവല്‍കരിച്ചാണ് ‘ബിജു കക്കയം’ രക്ഷാപ്രവര്‍ത്തനം നടത്തിയത്. വിവിധ സംഭവങ്ങളിലായി ഒഴുക്കിലകപ്പെട്ട നിരവധി പേരെ ബിജു രക്ഷപ്പെടുത്തിയിരുന്നു.

‘നിപ’ പടര്‍ന്ന് പിടിച്ചപ്പോള്‍ സൂപ്പിക്കടയില്‍ ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.കോവിഡ് മഹാമാരി രൂക്ഷമായ സമയത്തും ജീവന്‍ രക്ഷാ ഔഷധങ്ങളുമായി ബിജു നൂറുകണക്കിന്  വീടുകളിലെത്തിയിരുന്നു. പത്രസമ്മേളനത്തില്‍  ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് ചെയര്‍മാന്‍ സത്യനാഥന്‍  മാടഞ്ചേരി, സെക്രട്ടറി കെ ദീപു, ജോ സെക്രട്ടറി ബിജിത്ത് ആര്‍ സി ,ട്രഷറര്‍ കെ കെ ഫാറൂഖ് അവാര്‍ഡ് നിര്‍ണയ ജൂറി ചെയര്‍മാന്‍ എം ജി ബല്‍രാജ് , കണ്‍വീനര്‍ സി ബാലന്‍ എന്നിവര്‍ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe