ഏപ്രിൽ മുതൽ പുതിയ മദ്യനയം; 190 പുതിയ മദ്യശാലകൾ തുറക്കാനൊരുങ്ങി ബവ്കോ

news image
Jan 24, 2022, 4:44 pm IST payyolionline.in

തിരുവനന്തപുരം:  ബവ്റിജസ് കോർപറേഷന് പുതിയ മദ്യവിൽപ്പനശാലകൾ തുറക്കാൻ മദ്യനയത്തിൽ അനുകൂല നിലപാടുണ്ടാകും. തിരക്കു കുറയ്ക്കാൻ 190 വിൽപ്പനശാലകൾ തുറക്കണമെന്ന ബവ്കോ ശുപാർശയോട് എക്സൈസ് വകുപ്പിനു യോജിപ്പാണ്.

എൽഡിഎഫിൽ ചർച്ച ചെയ്തശേഷം ഇക്കാര്യം മദ്യനയത്തിൽ ഉൾപ്പെടുത്താനാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ വിൽപ്പനശാലകൾ സ്ഥാപിക്കുന്നതിനുള്ള നിർദേശങ്ങളുണ്ടാകും. ഏപ്രിൽ മുതൽ പുതിയ മദ്യനയം പ്രാബല്യത്തിൽവരും.

 

 

പുതിയ വിൽപ്പനശാലകൾ സ്ഥാപിക്കുന്നതിനു ബവ്കോ നൽകിയ നിർദേശങ്ങൾ:

 

 

സുപ്രീംകോടതി വിധിയെ തുടർന്ന് ദേശീയ–സംസ്ഥാന പാതയ്ക്ക് 500 മീറ്ററിനുള്ളിൽ ഉണ്ടായിരുന്ന വിൽപ്പനശാലകൾ ദൂരേയ്ക്കു മാറ്റിയിരുന്നു. ഇവ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് പുതിയ വിൽപ്പനശാലകളാകാം. നഗരസഭാ പ്രദേശങ്ങളിൽ തിരക്കുള്ള വിൽപ്പനശാലകൾക്ക് അടുത്തായി തിരക്കു കുറയ്ക്കാൻ പുതിയവ ആരംഭിക്കാം. 20 കിലോമീറ്ററിൽ അധികം ദൂരത്തിൽ വിൽപ്പനശാലകൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ പുതിയവ ആരംഭിക്കാം.

തീരപ്രദേശങ്ങളിലും മലയോര മേഖലകളിലും വ്യാജവാറ്റും വ്യാജമദ്യവും തടയാൻ വിൽപ്പനശാലകൾ ആരംഭിക്കാം. ടൂറിസം കേന്ദ്രങ്ങളിൽ പുതിയ വിൽപ്പനശാലകൾ ആകാം. വിമാനത്താവളങ്ങളിൽ ഡ്യൂട്ടി പെയ്ഡ് ആയി വിൽപ്പനശാല ആരംഭിക്കാം. സുപ്രീംകോടതി വിധിയെ തുടർന്ന് ഷോപ്പുകൾ മാറ്റിയ സ്ഥലങ്ങളിൽ 56 പുതിയ ഷോപ്പുകൾ ആരംഭിക്കാനാണ് നിർദേശം. നഗരസഭാ പ്രദേശത്തെ ഷോപ്പുകളിലെ തിരക്ക് ഒഴിവാക്കാൻ 57 ഷോപ്പുകൾ ആരംഭിക്കണം

 

 

20 കിലോമീറ്ററിൽ അധികം ദൂരത്തിൽ ചില്ലറവിൽപ്പന ശാലകൾ പ്രവർത്തിക്കുന്ന 18 ഇടങ്ങളിൽ ഷോപ്പുകൾ ആരംഭിക്കണം. തീരപ്രദേശങ്ങളിലും മലയോര മേഖലകളിലും 24 പുതിയ ഷോപ്പുകള്‍. ടൂറിസം കേന്ദ്രങ്ങളിൽ 32 ഷോപ്പുകൾ. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ ഡ്യൂട്ടിപെയ്ഡ് ചില്ലറ വിൽപ്പന കേന്ദ്രങ്ങൾ ആരംഭിക്കണമെന്നും നിർദേശമുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe