ഏറ് കൊണ്ടത്ത് പിണറായിക്കായിരുന്നുവെങ്കില്‍ കേരളം കത്തുമായിരുന്നു: വീരേന്ദ്ര കുമാര്‍

news image
Nov 6, 2013, 3:48 pm IST payyolionline.in

വടകര: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പകരം കല്ലേറുകൊണ്ടത് പിണറായി വിജയനായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതിയെന്ന് സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡണ്ട്‌ എം.പി വിരേന്ദ്രകുമാര്‍. നേതാക്കള്‍ അക്രമിക്കപ്പെട്ടതിന്റെ  പേരില്‍ എത്ര തവണ സി.പി എമ്മുകാര്‍ കേരളത്തില്‍ അക്രമങ്ങള്‍ അഴിച്ചു വിട്ടിട്ടുണ്ടെന്നും അദ്ദേഹം ചോദിച്ചു. നേതാക്കള്‍ അക്രമവുമായി നിയമം കയ്യിലെടുക്കുന്ന സി.പി എമ്മുകാര്‍ മുഖ്യമന്ത്രിയില്‍ നിന്ന് പാഠം പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.  സോഷ്യലിസ്റ്റ് ജനത വടകര ലോക്സഭാമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരില്‍ അരിയില്‍ ഷുക്കൂറെന്ന  ചെറുപ്പക്കാരനെ  കൊലപ്പെടുത്തിയ സംഭവത്തിന് കാരണമായി പറഞ്ഞത് പി ജയരാജന്റെ വാഹനം തടഞ്ഞു നിര്‍ത്തിയ സംഭവമാണ്. ഷുക്കൂര്‍ കെഞ്ചിപ്പറഞ്ഞിട്ടും വെറുതെ വിടാന്‍ സി.പി എമ്മുകാര്‍ തയ്യാറായില്ല. പട്ടാപ്പകല്‍ കൊന്നുതള്ളുകയായിരുന്നു. കോണ്‍ഗ്രസിന്റെ 152 ഓഫീസുകളാണ് ജയരാജന്‍ തടയപ്പെട്ടുവെന്നതിന്റെ പേരില്‍ അക്രമിക്കപ്പെട്ടത്.

നാഗാലാന്റിലോ ബീഹാറിലോ അല്ല സാക്ഷര കേരളത്തിലാണ് ഇതൊക്കെ നടക്കുന്നതെന്ന  കാര്യമാണ് ഞെട്ടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ മര്യാദയില്ലാത്തവരാണ് സി.പി എമ്മുകാര്‍. എല്‍.ഡി.എഫ്  മുന്നണിയിലായിരുന്നപ്പോള്‍ ഘടക കക്ഷിയായ തങ്ങള്‍ക്ക്

തല ഉയര്‍ത്തി നില്‍ക്കാന്‍ പോലും കഴിയില്ലായിരുന്നു.  എന്നാല്‍ യു.ഡി.എഫില്‍ അതല്ല അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡണ്ട്‌ മനയത്ത് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കെ.പി മോഹനന്‍, എം.വി ശ്രേയാംസ് കുമാര്‍ എം.എല്‍.എ, ഡോ വര്‍ഗ്ഗീസ് ജോര്‍ജ്ജ്, ഷേക്ക്പി ഹാരിസ്, വി കുഞ്ഞാലി, പി കോരന്‍ സംസാരിച്ചു. എം.കെ ഭാസ്കരന്‍ സ്വാഗതവും എം.പി ശിവാനന്ദന്‍ നന്ദിയും പറഞ്ഞു.

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe