ഐഒസി അറ്റാദായത്തില്‍ 82.5% ഇടിവ്

news image
Nov 9, 2013, 1:30 pm IST payyolionline.in
ന്യൂഡല്‍ഹി: രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ അറ്റാദായം 82.5% ഇടിഞ്ഞു. ഡീസല്‍, പാചക വാതക വില്‍പ്പനയിലെ വരുമാന നഷ്ടം കേന്ദ്ര സര്‍ക്കാര്‍ മുഴുവനായി നികത്താത്തതും രൂപയുടെ മൂല്യശോഷണം മൂലമുള്ള തിരിച്ചടികളും കമ്പനിയെ ബാധിച്ചു. 1683.92 കോടി രൂപയാണ് ജൂലൈ-സെപ്റ്റംബര്‍ ക്വാര്‍ട്ടറില്‍ ഐഒസിയുടെ അറ്റാദായം.

വില്‍പ്പന വരുമാനം 109,859.49 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേകാലയളവില്‍ 105,791.29 കോടിയായിരുന്നു. കഴിഞ്ഞ ക്വാര്‍ട്ടറില്‍ 2,158 കോടി രൂപയുടെ വിദേശ നാണയ നഷ്ടമുണ്ടെന്ന് കമ്പനി ചെയര്‍മാന്‍ ആര്‍.എസ്. ഭുട്ടോല പറഞ്ഞു. ഇന്ധന വില്‍പ്പനയിലെ വരുമാന നഷ്ടത്തില്‍ 413 കോടി രൂപ കമ്പനി സ്വയം വഹിക്കേണ്ടി വന്നു.

ഉയര്‍ന്ന റിഫൈനിങ് മാര്‍ജിനാണ് കമ്പനിയെ ലാഭത്തില്‍ നിര്‍ത്തുന്നത്. ഒരു ബാരല്‍ ക്രൂഡ് ഓയില്‍ ഇന്ധനമാക്കുന്നതിലൂടെ കമ്പനിയുടെ ലാഭം 7.43 ഡോളര്‍. മുന്‍വര്‍ഷം ഇതേസമയം 6.07 ഡോളറായിരുന്നു റിഫൈനിങ് മാര്‍ജിന്‍. കമ്പനിയുടെ ടേണ്‍ ഓവര്‍ 110,390 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 106,001 കോടി രൂപ.

കഴിഞ്ഞ ക്വാര്‍ട്ടറില്‍ ഡീസല്‍, പാചകവാതക, മണ്ണെണ്ണ വില്‍പ്പനയില്‍ സബ്സിഡി നല്‍കിയതു വഴിയുണ്ടായ വരുമാന നഷ്ടം 18,291 കോടി രൂപയാണ്. ഇതില്‍ 8,634.14 കോടി രൂപ എണ്ണ ഉത്പാദന കമ്പനികള്‍ നല്‍കി. 9,243 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കി. ബാക്കി നഷ്ടം കമ്പനി തന്നെ വഹിക്കേണ്ടിവന്നു. ഡീസല്‍ വില്‍പ്പനയില്‍ ലിറ്ററിന് 9.58 രൂപയുടെ നഷ്ടം ഇപ്പോള്‍ കമ്പനിക്കു വരുന്നുണ്ടെന്ന് ഭുട്ടോല. മണ്ണെണ്ണ വില്‍പ്പനയില്‍ 35.77 രൂപയാണു നഷ്ടം. പാചകവാതകം സിലിണ്ടറിന് 482.50 രൂപ കുറച്ചാണു വില്‍ക്കുന്നതെന്നും അദ്ദേഹം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe