ഡല്‍ഹി: ഇടപാടുകള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി പ്രമുഖ സ്വകാര്യമേഖല ബാങ്കായ ഐസിഐസിഐ ബാങ്ക് രാത്രി ശാഖകള്‍ ആരംഭിച്ചിരിക്കുന്നു. പണം നിക്ഷേപിക്കുന്നതടക്കമുള്ള ഇടപാടുകള്‍ നടത്തുന്നതിനു രാജ്യത്തെ 33 നഗരങ്ങളിലായാണു ബാങ്ക് ജീവനക്കാരില്ലാത്ത 61 ഇലട്രോണിക് ശാഖകള്‍ ആരംഭിച്ചിരിക്കുന്നത്.
ഇലട്രോണിക് ശാഖകള്‍ക്കു ലഭിക്കുന്ന വന്‍ പ്രതികരണം കണക്കിലെടുത്ത് മാര്‍ച്ച് 2014ഓടെ ശാഖകളുടെ എണ്ണം 100 ആയി ഉയര്‍ത്താനുള്ള തയാറെടുപ്പിലാണു ബാങ്കെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ മാസവും പുതുതായി 60,000 ഉപഭോക്താക്കള്‍ ഇലട്രോണിക് ശാഖകളിലൂടെ ഇടപാടുകള്‍ നടത്തുന്നുണ്ട്.
ആകെ ഉപഭോക്താക്കളുടെ അഞ്ചില്‍ ഒന്നു പേരും ബാങ്കിംഗ് സമയത്തിനുശേഷവും അവധിദിനങ്ങളിലും ശാഖകള്‍ ഉപയോഗപ്പെടുത്തുന്നതായും ബാങ്ക് വ്യക്തമാക്കി. പണം നിക്ഷേപിക്കുക, തുക പിന്‍വലിക്കുക, ചെക്കുകള്‍ നിക്ഷേപിച്ച് രസീത് കൈപ്പറ്റുക, ഫണ്ടുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുക, സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുക, ബാങ്ക് സ്റ്റേറ്റ്മെന്റ് ലഭ്യമാക്കുക തുടങ്ങിയ സേവനങ്ങളാണ് ഇത്തരം ശാഖകളിലൂടെ ലഭ്യമാകുന്നത്.