1943 ഒക്റ്റോബര്‍ 31 പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്ത് ജനനം. പുതുപ്പള്ളി സെൻറ് ജോർജ്ജ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ് ബി കോളേജ് എന്നിവിടങ്ങളിൽ പഠനം നടത്തി ബി.എ ബിരുദം നേടി. എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും സമ്പാദിച്ചു.
കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രിയും സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ്സ് (ഐ) നേതാക്കളില്‍ ഒരാളുമാണ് ഉമ്മൻ ചാണ്ടി. പൊതുഭരണത്തിന് പുറമേ അഖിലേന്ത്യാ സർവീസ്, ശാസ്ത്ര-സാങ്കേതികം, പരിസ്ഥിതി, ഭരണപരിഷ്കരണം, സൈനികക്ഷേമം, തെരഞ്ഞെടുപ്പ്, അന്തർസംസ്ഥാന നദീജല വിഷയം തുടങ്ങിയ വകുപ്പുകളുടെ ചുമതല കൂടി ഇദ്ദേഹത്തിനാണ്. 2004-2006 കാലഘട്ടത്തിലും ഇദ്ദേഹമായിരുന്നു കേരളമുഖ്യമന്ത്രി. തൊഴിൽമന്ത്രി (1977-78), ആഭ്യന്തരമന്ത്രി (1982), ധനകാര്യമന്ത്രി (1991-94), പ്രതിപക്ഷനേതാവ് (2006-2011) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ പുതുപ്പള്ളി മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയായ ഇദ്ദേഹം തുടർച്ചയായി പത്താം തവണയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനം
2001ല്‍ എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലെത്തിയപ്പോള്‍ ഉമ്മന്‍ ചാണ്ടി വീണ്ടും യു.ഡി.എഫ് കൺവീനറായി ചുമതലയേറ്റു. മൂന്നു വര്‍ഷത്തിന് ശേഷം ലോകസഭാ തിരഞ്ഞെടുപ്പിലെ ദയനീയപരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എ.കെ. ആന്റണി രാജിവെച്ചു. തുടര്‍ന്ന് 2004 ഓഗസ്റ്റ് 31ന് ഉമ്മൻ ചാണ്ടി കേരളമുഖ്യമന്ത്രിയായി സ്ഥാനമേറ്റു. 2006 മേയ് വരെ ഈ പദവിയിൽ തുടർന്നു.2006-ലെ നിയമസഭാതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. പരാജയപ്പെട്ടതിനെത്തുടർന്ന് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെക്കുകയും വി.എ സ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേല്‍ക്കുകയും ചെയ്തു. 2006 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തില്‍ ഇദ്ദേഹം പ്രതിപക്ഷനേതാവായി പ്രവര്‍ത്തിച്ചു. 2011ല്‍ ഏപ്രിലില്‍ നടന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ വീണ്ടും യു.ഡി.എഫിന് ഭൂരിപക്ഷം ലഭിക്കുകയും 2011 മേയ് 18നു് കേരളത്തിന്റെ ഇരുപത്തി ഒന്നാമത് മുഖ്യമന്ത്രിയായി ഉമ്മൻ ചാണ്ടി രണ്ടാം വട്ടം അധികാരമേൽക്കുകയും ചെയ്തു. പൊതുഭരണത്തിന് പുറമേ ആഭ്യന്തരം,വിജിലന്‍സ്, ശാസ്ത്ര-സാങ്കേതികം, പരിതസ്ഥിതി തുടങ്ങിയ വകുപ്പുകളുടെ ചുമതലയും അദ്ദേഹം ഏറ്റെടുത്തിരുന്നു. എന്നാല്‍ പാമോയില്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന കോടതി ഉത്തരവിട്ടതിനെ തുടർന്ന് 2011 ഓഗസ്റ്റ് 9ന് ഇദ്ദേഹം വിജിലന്‍സ് വകുപ്പിന്റെ ചുമതല തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൈമാറി.
2012 ഏപ്രിൽ 12ന് നടന്ന കോൺഗ്രസ് മന്ത്രിമാരുടെ വകുപ്പ് മാറ്റത്തെ തുടര്‍ന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി ഇദ്ദേഹം തിരുവഞ്ചൂരിനു കൈമാറി. എന്നാല്‍ മന്ത്രിസഭയിലെ ഈ അഴിച്ചുപണി കോൺഗ്രസ് പാര്‍ട്ടിക്കുള്ളില്‍ തന്നെ ചില പ്രതിഷേധ സ്വരങ്ങള്‍ക്കിടയാക്കി.
വ്യക്തിജീവിതം
സഹപ്രവര്‍ത്തകരുടെയും അനുയായികളുടെയും ഇടയില്‍ “ഒ.സി” എന്ന ചുരുക്കപ്പേരുള്ള ഉമ്മൻ ചാണ്ടി നാട്ടുകാരുടെ ഇടയില്‍ “കുഞ്ഞൂഞ്ഞ്“ എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്നു. പ്രസ് സെക്രട്ടറിയായിരുന്ന പി.ടി.ചാക്കോ ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളെ കോർത്തിണക്കിയെഴുതിയ പുസ്തകത്തിന്റെ പേരും “കുഞ്ഞൂഞ്ഞ് കഥകൾ – അല്പം കാര്യങ്ങളും” എന്നാണ്. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍ എന്നിവര്‍ മക്കളാണ്.