ഒഡിഷ ട്രെയിൻ അപകടം; മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് അദാനി

news image
Jun 5, 2023, 3:17 am GMT+0000 payyolionline.in

ദില്ലി: ഒഡിഷയിലെ ബാലേസോർ ട്രെയിൻ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ട് അനാഥരായ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് വ്യവസായിയും രാജ്യത്തെ പ്രധാന കോടീശ്വരനുമായ ​ഗൗതം അദാനി. ട്രെയിൻ അപകടം ഞങ്ങളിൽ അ​ഗാധമായ ദുഃഖമുണ്ടാക്കി. അപകടത്തിൽ രക്ഷിതാക്കൾ കൊല്ലപ്പെട്ട് അനാഥരായ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ മുഴുവൻ ചെലവും വഹിക്കാൻ അദാനി ​ഗ്രൂപ് തീരുമാനിച്ചു. ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തെ സഹായിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്വമാണെന്നും അദാനി ട്വിറ്ററില്‍ കുറിച്ചു.

ട്രെയിൻ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെയും ബന്ധുക്കളെയും മാനസികവും ഭൗതികവുമായി വീണ്ടെടുക്കുന്ന ദൗത്യത്തിൽ ഞങ്ങളും പങ്കുചേരുകയാണെന്നും അദാനി ​ഗ്രൂപ് അറിയിച്ചു. കുട്ടികളുടെ നല്ല നാളേക്കായി പ്രവർത്തിക്കുമെന്നും അദാനി അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനമായി നൽകുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. ​ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷവും നിസാരമായി പരിക്കേറ്റവർക്ക് 50000 രൂപയും നൽകുമെന്നും റെയിൽവേ മന്ത്രി അറിയിച്ചു.

 

‘ഒഡീഷയിലുണ്ടായ തീവണ്ടി അപകടം കടുത്ത അസ്വസ്ഥതയുണ്ടാക്കുന്നതാണ്. അപകടത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസം അദാനി ഗ്രൂപ്പ്  ഏറ്റെടുക്കും. ദുരന്തത്തില്‍പ്പെട്ടവരേയും അവരുടെ കുടുംബങ്ങളെയും ചേര്‍ത്തു നിര്‍ത്തേണ്ടതും അവരുടെ കുട്ടികള്‍ക്ക് നല്ലൊരു ഭാവി നല്‍കേണ്ടതും എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്വമാണ്’- അദാനി ട്വീറ്റ് ചെയ്തു

 

അതേസമയം  ബാലേസോറിൽ ട്രെയിൻ ദുരന്തം നടന്ന സ്ഥലത്തെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ട്രാക്കിലൂടെ ആദ്യ ട്രെയിൻ കടത്തിവിട്ടു. ചരക്ക് ട്രെയിനാണ് കടത്തി വിട്ടത്. 288 പേർ കൊല്ലപ്പെട്ട ദുരന്തം നടന്ന് 51 മണിക്കൂറിനുള്ളിലാണ് ഗതാഗതം പുനസ്ഥാപിച്ചത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ സാന്നിധ്യത്തിലാണ് ട്രെയിൻ കടത്തിവിട്ടത്. ട്രെയിൻ പോകുന്ന സമയം ട്രാക്കിനരികെ നിന്ന് മന്ത്രി ലോക്കോ പൈലറ്റുമാർക്ക് കൈവീശി കാണിക്കുകയും കൈ കൂപ്പുകയും ചെയ്തു. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ട്രെയിൻ ​ഗതാ​ഗ​തം ഭാ​ഗമികമായി പുനഃസ്ഥാപിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe