ഒന്നരവർഷം മുമ്പ് കാണാതായ ഭാര്യയെ കൊന്നുകുഴിച്ച് മൂടിയതെന്ന് ഭർത്താവ്, വൈപ്പിനെ ഞെട്ടിച്ച മൊഴി

news image
Jan 12, 2023, 1:24 pm GMT+0000 payyolionline.in

കൊച്ചി : വൈപ്പിൻ ഞാറക്കലിൽ നിന്നും കാണാതായ രമ്യയുടേത് കൊലപാതകം. രമ്യയെ താൻ കൊന്ന് കുഴിച്ചു മൂടിയതാണെന്ന് ഭർത്താവ് പൊലീസിന് മൊഴി നൽകിയതോടെയാണ് വിവരം പുറത്തായത്. ഒന്നര വർഷം മുമ്പ് കാണാതായ രമ്യയ്ക്കായുള്ള അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. താൻ രമ്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ച് മൂടിയതാണെന്നാണ് ഭർത്താവ് സജീവൻ നൽകിയ മൊഴി.

വാച്ചാക്കലിൽ വാടകക്ക് താമസിച്ച് വരികയായിരുന്നു വൈപ്പിൻ സ്വദേശികളായ കൊല്ലപ്പെട്ട രമ്യയും ഭർത്താവ് സജീവനും. ഒന്നരവർഷം മുമ്പാണ് രമ്യയെ വീട്ടിൽ കാണാതായത്. അയൽവാസികൾ വിവരമന്വേഷിച്ചപ്പോൾ ബംഗ്ലൂരുവിൽ ജോലി കിട്ടിയ രമ്യ അങ്ങോട്ട് പോയെന്നായിരുന്നു സജീവൻ മറുപടി നൽകിയത്. ഇതിന് ശേഷം ഒരുപാട് കാലമായിട്ടും വിവരമൊന്നുമില്ലാതായതോടെ കഴിഞ്ഞ മാസങ്ങളിൽ ബന്ധുക്കളും രമ്യയെ അന്വേഷിച്ചു. ഇതോടെ സജീവൻ ഭാര്യയെ കാണ്മാനില്ലെന്ന് പൊലീസിൽ ഒരു പരാതി നൽകി. അതിന് ശേഷമാണ് പത്തനംതിട്ടയിലെ നരബലി കേസുകൾ പുറത്ത് വന്നത്. ഇതോടെ പൊലീസ് മിസിംഗ് കേസുകളിൽ കാര്യമായ അന്വേഷണം നടത്തി. ഇതിന്റെ ഭാഗമായി രമ്യയുടെ തിരോധാനവും അന്വേഷിച്ചു. ഇതുമായി ബന്ധപ്പെട്ട മൊഴിയെടുക്കലിനൊടുവിലാണ് കൊലപാതക വിവരം പുറത്തായത്. ഭാര്യയെ താൻ കൊന്ന് മൃതദേഹം പറമ്പിൽ തന്നെ കുഴിച്ച് മൂടിയെന്നാണ് സജീവൻ നൽകിയ മൊഴി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe