ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ കായിക പഠനം ഉറപ്പാക്കും: മന്ത്രി വി ശിവൻകുട്ടി

news image
Jan 23, 2024, 2:27 pm GMT+0000 payyolionline.in

തിരുവനന്തപുരം:  ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം  ക്ലാസ് വരെ കായിക പഠനം പാഠ്യപദ്ധതിയിൽ ഉറപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് കേരള 2024 – ൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സ്പോർട് സമ്മിറ്റിന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ എല്ലാവിധ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു. സ്പോർട്സ് സ്കൂളുകളുടെ പഠന സമയക്രമം പുനർ നിശ്ചയിക്കുന്നത് സംബന്ധിച്ചുള്ള ആലോചനകളിൽ ആണുള്ളതെന്നും സ്പോർട്സ് സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കുന്ന കാര്യവും പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞി. കായികതാരങ്ങൾക്കുള്ള ഗ്രേസ് മാർക്ക് പുനക്രമീകരിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്നും മന്ത്രി വിശദമാക്കി. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾക്കായി  കായിക കൈപ്പുസ്തകം പുറത്തിറക്കിയെന്നും മന്ത്രി പ്രതികരിച്ചു.

സ്പോർട്സ് അസോസിയേഷനുകൾ സ്പോർട്സിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കണം. ഇന്ത്യൻ ഗുസ്തി ഫെഡറേഷന്റെ പ്രവർത്തനങ്ങളിൽ രാജ്യത്തിന്റെ അഭിമാനമായ കായിക താരങ്ങൾ പ്രതിഷേധിക്കുന്നത് നാം കണ്ടതാണ്. അത്തരത്തിലുള്ള ഒരു അവസ്ഥ കേരളത്തിൽ ഉണ്ടാകരുതെന്നുമുള്ള മുന്നറിയിപ്പ് നൽകാനും മന്ത്രി ചടങ്ങിൽ മറന്നില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe