ഒരു വർഷത്തിനുള്ളിൽ ഭൂമിക്ക് ആധാർ

news image
Mar 18, 2023, 11:21 am GMT+0000 payyolionline.in

ന്യൂഡൽഹി ∙ ഭൂമിയുടെ ആധാർ നമ്പർ എന്നു വിശേഷിപ്പിക്കുന്ന യുണീക് ലാൻഡ് പാഴ്സൽ ഐഡന്റിഫിക്കേഷൻ നമ്പർ (യുഎൽപിഐഎൻ) നൽകുന്ന രീതി എല്ലാ വില്ലേജുകളിലും 2024 മാർച്ച് 31ന് മുൻപ് പൂർത്തിയാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.

ഓരോ സ്ഥലത്തിനും 14 അക്ക ഐഡി നൽകുന്നതാണ് യുഎൽപിഐഎൻ പദ്ധതി. ഈ നമ്പർ ഉപയോഗിച്ച് രാജ്യത്തെ എല്ലായിടത്തുമുള്ള ഭൂമി സംബന്ധിച്ച വിവരങ്ങൾ ക്രോഡീകരിക്കുകയാണ് ലക്ഷ്യം. 9.026 കോടി യുഎൽപിഐഎൻ വെറും ഒരു വർഷത്തിനുള്ളിൽ ജനറേറ്റ് ചെയ്തു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ചെറിയ തോതിൽ മാത്രമാണ് പദ്ധതി ആരംഭിച്ചത്.

 

കൂട്ടായ ഉടമസ്ഥാവകാശം (കമ്യൂണിറ്റി ലാൻഡ് ഓണർഷിപ്) നിലനിൽക്കുന്ന മേഘാലയ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും പദ്ധതി നടപ്പാക്കാനാണ് തീരുമാനം.

പദ്ധതി തുടങ്ങാത്ത സംസ്ഥാനങ്ങളിൽ അടുത്ത ഒരു മാസത്തിനുള്ളിൽ ആരംഭിക്കാനാണ് കേന്ദ്ര ലാൻഡ് റവന്യു വകുപ്പിന്റെ നിർദേശം.

ഹോസ്ദുർഗ്, പത്തനാപുരം എന്നിവിടങ്ങളിൽ ഓരോ വില്ലേജുകളിൽ യുഎൽപിഐഎൻ നടപ്പാക്കിത്തുടങ്ങിയെന്നാണു കേന്ദ്ര ലാൻഡ് റവന്യു പോർട്ടൽ വ്യക്തമാക്കുന്നത്.

ഭൂമിയിടപാടുകൾക്ക് കൂടുതൽ സുതാര്യത ഉറപ്പാക്കാനാണ് യുഎൽപിഐഎൻ നടപ്പാക്കുന്നത്. ഈ നമ്പറായിരിക്കും എല്ലാത്തരം ഭൂമിയിടപാടുകൾക്കും അടിസ്ഥാനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe