കൊല്ലം: കരുനാഗപ്പള്ളിയിൽ ഓംലെറ്റ് കിട്ടാൻ വൈകിയതിന് ദോശക്കട തകർത്ത സംഭവത്തിൽ രണ്ടു പേർ പിടിയിൽ. കൊല്ലം പടവടക്ക് സ്വദേശി ബ്രിട്ടോ, പ്രഭാത് എന്നിവരാണ് അറസ്റ്റിലായത്. ഒളിവിലുള്ള നാലു പേർക്കായി അന്വേഷണം തുടരുകയാണ്.
വെള്ളിയാഴ്ച രാത്രിയാണ് കരുനാഗപ്പള്ളി ആലുംമൂട്ടിലെ ദോശക്കടയിൽ ആക്രമണം ഉണ്ടായത്. ഓർഡർ ചെയ്ത ഓംലെറ്റ് വൈകുമെന്ന് കടയുടമ പറഞ്ഞതിന് പിന്നാലെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
കട തല്ലിത്തകർക്കുകയും ഭക്ഷണം കഴിക്കാനെത്തിയവരെ ഇരുമ്പ് വടിയും കോൺക്രീറ്റ് കട്ടകളും കൊണ്ട് മർദിക്കുകയും ചെയ്തു. പരിക്കേറ്റവർ ചികിത്സയിലാണ്.