കൊയിലാണ്ടി: പിക്കപ്പ് വാനില്‍ പാമ്പുകളെ കടത്തുകയായിരുന്ന ആളെ കൊയിലാണ്ടി പോലീസ് പിടികൂടി.മലപ്പുറം പുളിക്കല്‍ അന്തിയൂര്‍കുന്ന് കളത്തില്‍ പള്ളിക്കണ്ടി ആറ്റക്കോയ തങ്ങള്‍ (51) ആണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന മുസ്തഫ എന്നയാളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദേശീയപാതയില്‍ കണ്ണൂര്‍ ഭാഗത്തേക്ക് പോകവെ സിവില്‍ സ്റ്റേഷന് സമീപം ലെയ് ലാന്‍ഡ് ദോസ്ത് വാഹനത്തില്‍ നിന്നും ചാക്കില്‍ കെട്ടിയ നിലയില്‍ പാമ്പുകള്‍ പുറത്തേക്ക് വീഴുകയായിരുന്നു. പാമ്പുകള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസില്‍ വിവരം അറിയിച്ചു. പെരുമ്പാമ്പ്, ഇരുതലമൂരി, മൂര്‍ഖന്‍ എന്നീ ഇനങ്ങളില്‍പെട്ട പാമ്പുകളെയാണ് പിടികൂടിയത്. മൂര്‍ഖന്‍ പാമ്പ് തീര്‍ത്തും അവശ നിലയിലാണ്. പാമ്പിന്റെ വിഷം എടുത്തതാവാം ഇതിന് കാരണമെന്ന് സംശയിക്കുന്നതായി വനം വകുപ്പ് ജീവനക്കാര്‍ പറഞ്ഞു. പാമ്പുകളെ പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്കിലേക്ക് കൊണ്ടുപോകുകയാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. കൊയിലാണ്ടി പോലീസ് പേരാമ്പ്ര ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെട്ടശേഷം മാത്തോട്ടം വനശ്രീയിലെ സ്ക്വാഡ് സ്ഥലത്തെത്തി ചാക്ക് കെട്ട് പരിശോധിക്കുകയും പാമ്പുകളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിക്കപ്പ് വാനും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാമ്പുകളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പെരുവണ്ണാമൂഴിയിലേക്ക് കൊണ്ടുപോയി. പിടിയിലായ ആള്‍ക്കെതിരെ വന്യ ജീവി സംരക്ഷണ നിയമ പ്രകാരം കേസെടുത്തു.