ഓണം ബമ്പര്‍ രണ്ടാം സ്ഥാനം പാലാക്കാരന്; പേര് വെളിപ്പെടുത്താനില്ലെന്ന് ടിക്കറ്റ് ഉടമ

news image
Sep 19, 2022, 2:17 pm GMT+0000 payyolionline.in

കോട്ടയം: ഈ വര്‍ഷത്തെ ഓണം ബമ്പർ രണ്ടാം സമ്മാനം അടിച്ചത് പാലായിൽ വിറ്റ ടിക്കറ്റിന് തന്നെയെന്ന് ഉറപ്പായി. രണ്ടാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് പാലായിലെ കാനറാ ബാങ്ക് ശാഖയിൽ ഉടമ ഏൽപിച്ചതായി ബാങ്ക് അധികൃതര്‍ അറിയിച്ചു.

ഇന്ന് രാവിലെയാണ് രണ്ടാം സമ്മാനമായ അഞ്ച് കോടിക്ക് അര്‍ഹമായ ടിക്കറ്റുമായി ഒരാൾ പാലായിലെ കാനറാ ബാങ്ക് ശാഖയിൽ എത്തിയത്. തൻ്റെ പേരും മറ്റു വിവരങ്ങളും രഹസ്യമായി സൂക്ഷിക്കാനാണ് ടിക്കറ്റ് ഉടമയുടെ നിര്‍ദേശമെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.

TG 270912 നമ്പര്‍ ടിക്കറ്റിനാണ് ഓണം ബമ്പറിലെ രണ്ടാം സമ്മാനമായ അഞ്ചു കോടി അടിച്ചത്. കോട്ടയം മീനാക്ഷ ലക്കി സെന്‍ററില്‍ നിന്നെടുത്ത ടിക്കറ്റ് വിറ്റത് പാലായിലെ വഴിയോര ലോട്ടറി കച്ചവടക്കാരന്‍ പാപ്പച്ചനാണെന്ന് ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. പക്ഷേ ആര്‍ക്കാണ് ആ ടിക്കറ്റ് വിറ്റതെന്ന് പാപ്പച്ചന് ഓര്‍ത്തെടുക്കാൻ സാധിച്ചില്ല.

ഇതിനിടെ ഭരണങ്ങാനത്തിനടുത്ത് ഇടപ്പാടിയിലെ ഡ്രൈവര്‍ റോയിയാണ് ആ ഭാഗ്യവാനെന്ന് കരക്കമ്പിയിറങ്ങി. അന്വേഷിച്ച് വീട്ടിലെത്തിയ മാധ്യമ പ്രവര്‍ത്തകരോട് തനിക്ക് ലോട്ടറി അടിച്ചിട്ടില്ലെന്ന് റോയി ആണയിട്ട് പറഞ്ഞതോടെ സസ്പെൻസ് തുടരുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe